മുംബൈ: ഇന്ത്യയിലെ പുതുമുഖങ്ങള്‍ക്ക് ഫുട്ബോളില്‍ കരിയര്‍ ശക്തമാക്കാൻ ഐഎസ്എല്‍ സഹായിച്ചതായി ലെസ്റ്റര്‍ സിറ്റിയുടെ മുന്‍ മുന്നേറ്റ താരം ഇയാന്‍ ഹ്യൂം. യൂറോപ്യന്‍ ഫുട്ബോള്‍ ലീഗുകള്‍ പണം വാരുന്നതായാണ് പൊതുവെയുള്ള സംസാരം. അത് പക്ഷേ യൂറോപ്യന്‍ ലീഗുകള്‍ ലോകത്തെ മികച്ചവ ആയത് കൊണ്ടാണ്. ലോകത്തെ മികച്ച ലീഗ് യുറോപ്യന്‍ അല്ലെങ്കില്‍ അവിടെ നിക്ഷേപം നടത്താന്‍ ആരും തയ്യാറാകില്ലെന്നും കനേഡിയന്‍ മുന്നേറ്റ താരം ഇയാന്‍ ഹ്യൂം പറഞ്ഞു.
സമാന സാഹചര്യത്തിലൂടെയാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗും കടന്ന് പോകുന്നതെന്ന് ഹ്യൂം കൂട്ടിച്ചേര്‍ത്തു. മികച്ച രീതിയിലാണ് ലീഗ് സംഘടിപ്പിക്കുന്നത്. ഘടനാപരമായും സാമ്പത്തികമായും ഐഎസ്എല്‍ വലിയ മുന്നേറ്റമാണ് ഉണ്ടാക്കുന്നത്. പക്ഷേ വിവിധ ഇടങ്ങളില്‍ ഇനിയും മാറ്റങ്ങള്‍ വരാനുണ്ട്. ഐഎസ്എല്ലിലൂടെ നിരവധി ഇന്ത്യന്‍ താരങ്ങള്‍ മികച്ച കരിയര്‍ സ്വന്തമാക്കി കഴിഞ്ഞു. ഇത്തരം അവസരം ഇതിന് മുമ്പ് ഇന്ത്യന്‍ ഫുട്ബോള്‍ താരങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ഹ്യൂം പറഞ്ഞു.
ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഉള്‍പ്പെടെ മൂന്ന് ക്ലബുകള്‍ക്കായി ഹ്യൂം മാറ്റുരച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിനെ കൂടാതെ എടികെ, പൂനെ സിറ്റി എഫ്സി എന്നിവക്കായാണ് ഹ്യൂം കളിച്ചത്. കരിയറിലെ നല്ലൊരു സമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെലവഴിച്ച ശേഷമാണ് ഹ്യൂം ഐഎസ്എല്ലിന്‍റെ ഭാഗമാകുന്നത്. 69 തവണ ഐഎസ്എല്ലില്‍ ബൂട്ടണിഞ്ഞ ഹ്യൂം 28 ഗോളുകളും സ്വന്തമാക്കി.