മുംബൈ: അത്യാധുനിക യന്ത്രസംവിധാനവും സാങ്കേതികവിദ്യയും ഒത്തിണക്കിയ സ്കോര്‍പീൻ ക്ലാസ് അന്തര്‍വാഹിനി ഐഎന്‍എസ് 'വേല' ഇന്ത്യൻ നാവിക സേനയുടെ ഭാഗമാകുന്നു. ഗോവയിലെ മസഗോണ്‍ ഡോക്‌യാര്‍ഡില്‍ ഇതിന് മുന്നോടിയായുള്ള പരീക്ഷണ യാത്രകൾ തുടങ്ങിക്കഴിഞ്ഞു. സ്കോര്‍പീൻ ക്ലാസ് അന്തര്‍വാഹിനികളില്‍ നാലാമനാണ് ഐഎന്‍എസ് വേല.
ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസ് ആണ് നാവികസേനയ്ക്കായി അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നത്. 2005ലാണ് ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ കമ്പനിയുമായി സേന ഒപ്പിട്ടത്. പ്രോജക്ട് 75 എന്ന പേരില്‍ തുടങ്ങിയ പദ്ധതി പ്രകാരം ആദ്യത്തെ അന്തര്‍വാഹിനി ഐഎന്‍എസ് കല്‍വാരി കഴിഞ്ഞ വര്‍ഷം സേനയുടെ ഭാഗമായി. ഐഎന്‍എസ് ഖണ്ഡേരി, ഐഎന്‍എസ് കരഞ്ച് എന്നിവയെ സേനയുടെ ഭാഗമാകുന്നതിനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ്. ഐഎന്‍എസ് വാഗിര്‍, ഐഎന്‍എസ് വഗ്ഷീര്‍ എന്നിവയാണ് ഇനി അടുത്തതായി സേനയിലേക്ക് എത്താൻ പോകുന്ന മറ്റ് രണ്ട് അന്തര്‍വാഹിനികൾ. അഞ്ചാമത്തെ സ്കോര്‍പീൻ ക്ലാസ് അന്തര്‍വാഹിനി ഉടൻ തന്നെ നാവിക സേനയുടെ ഭാഗമാകുമെന്നും സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മുമ്പ് സേനയില്‍ 37 വര്‍ഷം സേവനം അനുഷ്ടിച്ച 'വേല' എന്ന അന്തര്‍വാഹിനിയുടെ പേരാണ് പുതിയ സ്കോര്‍പീൻ ക്ലാസ് അന്തര്‍വാഹിനിക്ക് നല്‍കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ജലോപരിതല ആക്രമണം, ജലാന്തര ആക്രമണം, അന്തർ വാഹിനികളെ തകർക്കൽ, രഹസ്യ വിവരങ്ങൾ ചോർത്തൽ, മൈനുകൾ നിക്ഷേപിക്കൽ, നിരീക്ഷണം തുടങ്ങിയ ദൗത്യങ്ങൾക്കായി സ്‌കോർപീൻ ക്ലാസ് അന്തർവാഹിനികളെ നിയോഗിക്കാനാകും.
കടലിലെ ഏത് സാഹചര്യത്തിലും ദൗത്യനിർവഹണത്തിനുള്ള കാര്യശേഷി സ്‌കോർപീൻ ക്ലാസ് അന്തർവാഹിനികൾക്കുണ്ട്. നാവിക സേന നിർദേശിച്ച സംവിധാനങ്ങൾകൂടി സന്നിവേശിപ്പിച്ചവയാണ് ഇവ. കടലിനടിയിൽ എളുപ്പത്തിൽ കണ്ടുപിടിക്കാനാകാതെ ശക്തമായ ആക്രമണം നടത്താൻ ശേഷിയുള്ളതാണ് ഐ.എൻ.എസ് കൽവരി. ഫ്രാൻസിന്‍റെ സാങ്കേതിക സഹായത്തോടെ നിർമിക്കുന്ന ആറ് സ്‌കോർപീൻ വിഭാഗം അന്തർവാഹിനികളിൽ ആദ്യത്തേതായിരുന്നു കൽവരി.