യുക്രൈനുമേല്‍ റഷ്യ നടത്തിയ അധിനിവേശവും യുദ്ധവുമുണ്ടാക്കിയ കൊടിയ നഷ്‌ടങ്ങള്‍ ലോകം പോയവര്‍ഷം നെഞ്ചിടിപ്പോടെ കണ്ടതാണ്. അത്തരത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്നതാണ്, സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന അസര്‍ബൈജാനും അര്‍മേനിയയും തമ്മിലുള്ള പോര്. അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള പോരുകളില്‍ പക്ഷം ചേരാതെ സംയമനം പാലിച്ചുള്ള ഇന്ത്യയുടെ പെട്ടെന്നുള്ള നിലപാട് മാറ്റം ലോകം ശ്രദ്ധയോടെ വീക്ഷിക്കുന്നുവെന്നത് സുപ്രധാനമാണ്.
ഇന്ത്യയുടെ നീക്കമെന്ത് ? : കഴിഞ്ഞ ഒക്‌ടോബറില്‍ 249 ദശലക്ഷം ഡോളറിന്‍റെ മാരകായുധങ്ങളാണ്, സോവിയറ്റ് യൂണിയന്‍റെ പതനത്തിന് ശേഷം അസര്‍ബൈജാനുമായി കലഹിക്കാന്‍ ആയുധമെടുക്കുന്ന അയല്‍രാജ്യമായ അര്‍മേനിയയിലേയ്‌ക്ക് കയറ്റുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്ത്യ, തങ്ങളുടെ മിത്രങ്ങള്‍ക്കായി ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്നത് ഇതാദ്യമായല്ല. കാരണം, ഇന്ത്യയുമായി കലഹിക്കാന്‍ തയ്യാറായി നില്‍ക്കുന്ന അസര്‍ബൈജാനെ നേരിടുവാനും രാജ്യത്തിന്‍റെ വിദേശനയം ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് ഇത്തരമൊരു നീക്കത്തിന് ഇന്ത്യ തയ്യാറായത്.
![India International India on International front 2022 Year End PINAKA Armenia Brahmos Philippines മോഡിഫൈഡ് ഇന്ത്യ അക്രമം ഇന്ത്യ ആയുധ വിതരണത്തിലേക്ക് ഭയപ്പെടുത്തുന്നത് ഫിലിപ്പിയന്‍സ് അര്‍മേനിയ ആയുധങ്ങള്‍ റഷ്യ](https://etvbharatimages.akamaized.net/etvbharat/prod-images/17297911_visual2.jpg)
മാരകായുധങ്ങള്‍ മാത്രമല്ല, ഫലപ്രദമായ മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചര്‍, കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയ്‌ക്ക് ശക്തി പകര്‍ന്ന പിനാക്ക മുതലായവയാണ് അര്‍മേനിയയിലേയ്‌ക്ക് കയറ്റുമതി ചെയ്യാന്‍ ധാരണയായത്. ദ്രുത വേഗതയില്‍ വെടിവയ്‌ക്കുവാനുള്ള ഇത്തരം മാരകായുധങ്ങളുടെ ശേഷി ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ ശത്രുക്കളെ ഇല്ലാതാക്കാന്‍ കെല്‍പ്പുള്ളവയാണ്. തുര്‍ക്കിഷ് ആയുധങ്ങളായ ഡ്രോണുകള്‍, ബരേറ്റ മുതലായവ സ്വന്തമായുള്ള അസര്‍ബൈജാനോട് പൊരുതുവാന്‍ അര്‍മേനിയയ്‌ക്ക് ആത്മവിശ്വാസം നല്‍കുന്നത് ഇന്ത്യയുടെ മാരകായുധ ശേഖരമാണ്.
അസര്‍ബൈജാനുമായുള്ള ഇന്ത്യന്‍ ബന്ധത്തിലെ വിള്ളലുകള്‍ : അസര്‍ബൈജാന്‍ എന്ന രാജ്യം പ്രധാന ആയുധവിതരണക്കാരും ഇന്ത്യയുടെ ഉറ്റ സുഹൃത്തുമായ ഇസ്രയേലുമായി വളരെയധികം സൗഹൃദത്തിലാണ്. എന്നിരുന്നാലും, അസര്‍ബൈജാനും അര്‍മേനിയയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷമാണ് അവരെ ഇന്ത്യയുടെ ശത്രുവാക്കുന്നത്. അതേസമയം അസര്‍ബൈജാന്‍, തുര്‍ക്കി, പാകിസ്‌താന്‍ തുടങ്ങിയ മൂന്ന് രാജ്യങ്ങള്‍ക്കുമിടയില്‍ വളര്‍ന്നുവരുന്ന ശക്തമായ ബന്ധം ഇന്ത്യയെ സംബന്ധിച്ച് ആശങ്കയുമാണ്.
മാത്രമല്ല, ഇന്ത്യയുമായി സൗഹൃദം പങ്കിടുന്ന ഇസ്രയേല്‍, യുഎസ് തുടങ്ങിയ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും അസര്‍ബൈജാന്‍റെ തലസ്ഥാന നഗരമായ ബാകുവുമായി അടുത്ത ബന്ധത്തിലാണ്. ഇന്ത്യയെ സംബന്ധിച്ച് തങ്ങളുടെ സഖ്യശക്തികള്‍ പാകിസ്‌താന് മേല്‍ എത്തരത്തില്‍ അധികാരം സ്ഥാപിക്കുന്നു എന്നത് ആശയക്കുഴപ്പത്തിനിടയാക്കുന്നുണ്ട്. യുക്രൈനുമായുള്ള യുദ്ധത്തിന് തയ്യാറെടുക്കുന്നതിന്‍റെ ഭാഗമായി റഷ്യ ആയുധങ്ങള്‍ സ്വരുക്കൂട്ടിയത് ശ്രദ്ധേയമാണ്.
എന്നാല്‍, നിലവില്‍ അര്‍മേനിയ ആയുധങ്ങള്‍ ശേഖരിക്കുന്നത് അസര്‍ബൈജാനുമായി അടുത്ത ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പാണോ എന്ന പ്രധാന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. മാത്രമല്ല, യുദ്ധം മൂലം മറ്റ് രാജ്യങ്ങളാല്‍ ഒറ്റപ്പെട്ട റഷ്യയുടെ നിര്‍ദേശപ്രകാരമാണോ ആത്മമിത്രമായ ഇന്ത്യ അര്‍മേനിയയ്‌ക്ക് ആയുധങ്ങള്‍ എത്തിച്ച് നല്‍കുന്നത് എന്നതും മറ്റൊരു സംശയമാണ്.
എല്ലാത്തിനുമുപരിയായി ആഗോള തലത്തില്‍ ആയുധ വിതരണത്തിന്‍റെ ഒരു വലിയ ശൃംഖലയായി മാറുവാനുള്ള ഇന്ത്യയുടെ താല്‍പര്യം പ്രകടമാണ്. 2022ല്‍ മാത്രം വിവിധ രാജ്യങ്ങള്‍ക്കായി 13,000 കോടി രൂപയുടെ ആയുധങ്ങളുടെ വില്‍പ്പന നടത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 35,000 കോടി രൂപയുടെ ആയുധ വില്‍പ്പനയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
ബ്രഹ്‌മോസ് മിസൈല്‍ ഇന്ത്യന്‍ വികസനത്തില്‍ വഹിക്കുന്ന പങ്ക് : ഡിഫന്‍സ് ആന്‍ഡ് ഡെവലപ്‌മെന്‍റ് ഓര്‍ഗനൈസേഷനും റഷ്യയുടെ എന്‍പിഒ മഷ്നോസ്‌ട്രോയേനിയയും സംയുക്തമായി വികസിപ്പിച്ചെടുത്ത, 375 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന ബ്രഹ്‌മോസ് മിസൈല്‍ സുപ്രധാന ഉദാഹരണമാണ്. ഫിലിപ്പൈന്‍സാണ് ഇന്ത്യയുടെ ആദ്യ സുപ്രധാന ആയുധ കയറ്റുമതിയുടെ ഉപഭോക്തൃ രാജ്യം. കൂടാതെ, മലേഷ്യ, വിയറ്റ്‌നാം, ഇന്‍ഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളുമായി പുതിയ ഓര്‍ഡറിനുള്ള ഇന്ത്യയുടെ ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതോടുകൂടി 2025 ഓടെ ബ്രഹ്‌മോസ് എയറോസ്‌പേസ് കമ്പനി അഞ്ച് ബില്ല്യണ്‍ ഡോളര്‍ സമ്പാദിക്കുമെന്നാണ് വിലയിരുത്തല്‍.
![India International India on International front 2022 Year End PINAKA Armenia Brahmos Philippines മോഡിഫൈഡ് ഇന്ത്യ അക്രമം ഇന്ത്യ ആയുധ വിതരണത്തിലേക്ക് ഭയപ്പെടുത്തുന്നത് ഫിലിപ്പിയന്‍സ് അര്‍മേനിയ ആയുധങ്ങള്‍ റഷ്യ](https://etvbharatimages.akamaized.net/etvbharat/prod-images/17297911_visual1.jpg)
50 ഇന്ത്യൻ പ്രതിരോധ കയറ്റുമതി കമ്പനികള്‍ അവരുടെ ചരക്കുകളും സംവിധാനങ്ങളും വില്‍ക്കുന്നത് 25 രാജ്യങ്ങള്‍ക്കാണ്. അര്‍മേനിയ, മൾട്ടി ബാരൽ തോക്ക് സ്വന്തമാക്കിയ ഇന്ത്യൻ സ്വകാര്യ കമ്പനിയായ സോളാര്‍ പോലെ തന്നെ ഹെലികോപ്റ്ററുകളും ആയുധങ്ങളും റഡാറുകളും വില്‍ക്കുന്ന മറ്റ് കമ്പനികളുമുണ്ട്. പ്രതിരോധ മേഖലയിലെ ശുഭപ്രതീക്ഷയുടെ സൂചനയാണ് ഇത് വ്യക്തമാക്കുന്നതെന്ന് ആയുധ നിര്‍മാതാക്കള്‍ പറയുന്നു.
ചെറുകിട ആയുധ നിര്‍മാണ കമ്പനികളുടെ ആശങ്ക : ഈ മേഖല പുനഃസംഘടിപ്പിക്കപ്പെട്ട ശേഷം പ്രതിരോധ രംഗത്തേക്ക് ടെന്‍ഡറുകളുമായി നിരവധി ആഭ്യന്തര നിര്‍മാതാക്കളാണ് നിലയുറപ്പിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ ആയുധ നിര്‍മാണ ധാരണകളില്‍ ഭൂരിഭാഗവും വന്‍കിട സംരംഭകരായ അദാനി, അംബാനി, ടാറ്റ, ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ തുടങ്ങിയവര്‍ സ്വന്തമാക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ചെറുകിട കമ്പനികള്‍ പൂര്‍ണമായും ഈ മേഖലയില്‍ നിന്ന് ഒഴിവാക്കപ്പെടുകയോ അല്ലെങ്കില്‍ വന്‍കിട സംരംഭകര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കേണ്ടി വരികയോ ചെയ്യേണ്ടി വരുമെന്നതും നിലവിലെ ആയുധ നിര്‍മാണ കമ്പനികളില്‍ ആശങ്ക സൃഷ്‌ടിക്കുന്നു.
ഈ മേഖലയുടെ ഏകീകരണം പ്രതിരോധ മേഖലയിലെ ചെറുകിട യൂണിറ്റുകളുടെ വളർച്ചയെ പരിമിതപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്. റഷ്യയെ മാറ്റി ഇന്ത്യയെ തങ്ങളുടെ ആയുധ ഉപഭോക്താക്കളാക്കാന്‍ യുഎസില്‍ നിന്നും നിര്‍ദേശങ്ങള്‍ ഉയരുന്നതായി പ്രതിരോധ വിദഗ്‌ധര്‍ പറയുന്നു. റഷ്യന്‍ ആയുധ സംവിധാനങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ അവസാനിപ്പിച്ചാല്‍ മാത്രമേ ഇരു രാജ്യങ്ങളും തമ്മിലുള്ള കൂട്ടുകെട്ട് തകര്‍ക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ് പാശ്ചാത്യ ചിന്തകരുടെ വിലയിരുത്തല്‍.
റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തിന് കോട്ടം സംഭവിക്കുമോ ? : ഇന്ത്യ ആയുധ നിര്‍മാണത്തില്‍ സ്വയം പര്യാപ്‌തത കൈവരിച്ചാല്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് വിരാമമാകുമെന്ന് കരുതപ്പെടുന്നു. ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന കാര്യത്തില്‍ ലോകത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. യുദ്ധത്തിൽ തകർന്ന യുക്രൈന്‍ പോലുള്ള മുന്‍കാല സോവിയറ്റ് റിപ്പബ്ലിക്കുകളിൽ നിന്ന് അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ചില ആയുധ നിർമാണ ഫാക്‌ടറികൾ ഇന്ത്യയിലേക്ക് മാറ്റാൻ കഴിയുമെന്നും കരുതപ്പെടുന്നുണ്ട്. ഇങ്ങനെയുള്ള കമ്പനികള്‍ക്ക് ഇന്ത്യയില്‍ വേഗത്തില്‍ ലൈസന്‍സ് നേടാനും സാധിക്കും.
റഷ്യയില്‍ നിന്നുള്ള ആയുധ ഇറക്കുമതി കുറയ്‌ക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ഇതുവരെയും പ്രതിരോധ മന്ത്രാലയം പുറപ്പെടുവിച്ചിട്ടില്ല. റഷ്യന്‍ യുക്രൈന്‍ യുദ്ധം ഇന്ത്യയിലേയ്‌ക്കുള്ള ചരക്കുകളുടെ ഇറക്കുമതിയെ എങ്ങനെ ബാധിക്കുമെന്ന് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും മോസ്‌കോയില്‍ നിന്ന് ഡല്‍ഹിയിലേയ്‌ക്കുള്ള ആയുധങ്ങളുടെ ഇറക്കുമതി ഇന്ത്യയ്‌ക്ക് അത്ര പെട്ടന്നൊന്നും മറക്കാനാവുന്നതല്ല.
യുഎസിന്‍റെ തന്ത്രം : 2021ല്‍ റഷ്യന്‍ നിര്‍മിതമായ ആന്‍റി മിസൈല്‍ എസ്-400 റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡ്‌മിര്‍ പുടിന്‍ പ്രവര്‍ത്തനക്ഷമമാക്കി. ഈ സംവിധാനം ശത്രുരാജ്യങ്ങളില്‍ നിന്നുള്ള ആക്രമണത്തില്‍ നിന്ന് ഇന്ത്യയിലെ നഗരങ്ങളെ ഒരു പരിധിവരെ സുരക്ഷിതമാക്കിയിട്ടുണ്ട്.
ഉപരോധ നിയമ (CAATSA) പ്രകാരം ഇന്ത്യയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് യുഎസ് ഭീഷണിപ്പെടുത്തിയെങ്കിലും ഈ വിഷയം താത്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചു. ഉപരോധ നിയമത്തിലൂടെ തങ്ങളുടെ എതിരാളികളെ നേരിടാനുള്ള വ്യവസ്ഥകള്‍ പ്രകാരം രാജ്യത്തിനെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞായിരുന്നു അമേരിക്കയുടെ ഭീഷണി.
റഷ്യയുടെ 71 ശതമാനം നിര്‍മാണ പങ്കാളിത്തമുള്ള 600 ഫൈറ്റര്‍ ജെറ്റുകള്‍ ഇന്ത്യയ്‌ക്ക് ലഭ്യമായിരുന്നു. എകെ 203, ടി 90എസ്, ടി 72എസ് തുടങ്ങിയ ആയുധങ്ങള്‍ ലൈസന്‍സോടെയാണ് ഇന്ത്യ നിര്‍മിക്കുന്നത്. എന്നിരുന്നാലും, അങ്ങേയറ്റം പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും തകരാത്ത റഷ്യയുമായുള്ള ഇന്ത്യയുടെ 'ആയുധബന്ധ'ത്തിന് ഉടന്‍ അറുതിവരുമോയെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.