അന്തിയുറങ്ങാൻ ഒരു വീടിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ് ഇടുക്കി സ്വദേശിയായ ഒരു റിട്ടയേർഡ് അധ്യാപകൻ. വെള്ളത്തൂവൽ വിമലാ സിറ്റി എസ് വളവ് സ്വദേശി കെ.ജെ കുര്യനും, ഭാര്യ മേരിക്കുട്ടിയുമാണ് കയറിക്കിടക്കാൻ സ്വന്തമായി ഒരു വീടില്ലാതെ വിഷമിക്കുന്നത്.
26 വർഷത്തോളം ഹൈറേഞ്ചിലെ വിവിധ സർക്കാർ വിദ്യാലയങ്ങളിൽ കെ ജെ കുര്യൻ എന്ന ഈ അധ്യാപകൻ അധ്യാപനം നടത്തി .എണ്ണമറ്റ കുട്ടികൾക്ക് അറിവിന്‍റെ അക്ഷര വെളിച്ചം പകർന്നു. ഒടുവിൽ ജീവിതത്തിലെ സായാഹ്ന നേരത്ത് ഭാര്യക്കും തനിക്കും തലചായ്ക്കാനൊരു കിടപ്പാടമില്ലാതെ വരുമെന്ന് 60% അംഗപരിമിതൻ കൂടിയായ ഈ അധ്യാപകൻ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ പെയ്ത പേമാരിയിൽ കെ ജെ കുര്യന്‍റെ വീടു തകർന്നു. വെള്ളത്തൂവലിൽ ഉണ്ടായിരുന്ന 60 സെന്‍റ് ഭൂമിയും ഗൃഹോപകരണങ്ങളും വസ്ത്രങ്ങളുമെല്ലാം മലവെള്ളത്തിൽ ഒലിച്ചുപോയി. ഉരുൾപൊട്ടലിൽ ജീവൻ തിരിച്ചുകിട്ടിയെങ്കിലും കയറിക്കിടക്കാൻ കിടപ്പാടം ഇല്ലാത്തതിന്‍റെ വിഷമം കുര്യൻ സാറിന് പറഞ്ഞറിയിക്കാനാവില്ല.
തകർന്ന വീടിനുള്ളിൽ അകപ്പെട്ട കുര്യന് നട്ടെല്ലിന് പൊട്ടൽ ഉണ്ടാവുകയും ചെയ്തു .മൂന്നര മാസത്തോളം വിവിധ ആശുപത്രികളിൽ ചികിത്സ തേടി . ചികിത്സക്കായി മൂന്ന് ലക്ഷത്തോളം രൂപ ചെലവാക്കുകയും ചെയ്തു .എന്നാൽ സർക്കാർ സഹായം ലഭിച്ചത് അറുപതിനായിരം രൂപ മാത്രം. സ്വന്തമായുണ്ടായിരുന്ന സ്ഥലത്ത് ഒരു വീട് നിർമ്മിക്കാനാകില്ലെന്ന് കുര്യൻ പറയുന്നു. ചികിത്സയ്ക്കു ശേഷം ഊന്നു വടിയുടെ സഹായത്താലാണ് ഈ അധ്യാപകൻ നടന്നു തുടങ്ങിയത്. വീടിനുള്ള അപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല . കാൽ നൂറ്റാണ്ടോളം കുരുന്നുകൾക്ക് വിദ്യ പകർന്ന തനിക്ക് കാലം വെച്ചു നീട്ടിയ വിധിയാണ് ഈ ദുരന്തമെന്ന് കരുതി ആശ്വസിക്കുകയാണ് 74 കാരനായ ഈ അധ്യാപകൻ.