ധാക്ക: തീവ്രവാദ പ്രവർത്തനങ്ങളിലേർപ്പെട്ടതിന് നിരോധിത ഹിസ്ബ് ഉത്- തഹ്‌രിർ തീവ്രവാദ സംഘടനയിലെ പ്രവർത്തകനെ ബംഗ്ലാദേശ് പൊലീസ് അറസ്റ്റ് ചെയ്തു. കോക്‌സ് ബസാറിലെ ജാംതോളിയിലെ എച്ച്‌എം മെഹെദി റാണയെയാണ് (30) ആന്‍റി ടെററിസം യൂണിറ്റ് (എടിയു) ബുധനാഴ്‌ച പിടികൂടിയത്. റാണയ്‌ക്കെതിരെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം ഉഖിയ പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്‌തു. സൗദി അറേബ്യയിലെ സ്ഥിര താമസക്കാരനായ അബു താഹറിന്‍റെ ഉടമസ്ഥതയിലുള്ള കോക്‌സ് ബസാറിലെ പതുഖാലിയിലെ വീട്ടിലാണ് റാണ താമസിച്ചിരുന്നത്.
തീവ്രവാദ സംഘടനയുടെ ഓൺലൈൻ കോൺഫറൻസുകളിലും പ്രചാരണങ്ങളിലും അദ്ദേഹം പങ്കാളിയാണെന്നതിന്‍റെ തെളിവുകൾ കണ്ടെത്തിയതായി എടിയു അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ട് വാഹിദ പർവിൻ പറഞ്ഞു. സിവിൽ എഞ്ചിനീയറിങിൽ ബിരുദം പൂർത്തിയാക്കിയ മെഹെദി എൻജിഒ ബ്യൂറോ ഓഫ് ബംഗ്ലാദേശ് അംഗീകൃതമായ അന്താരാഷ്ട്ര വികസന സംഘടനയായ 'ബ്രാക്കി'ലും പ്രവർത്തിച്ചുവരികയായിരുന്നു.
ഹിസ്ബ് ഉത്-തഹ്‌രിർ എന്നാൽ അറബിയിൽ 'വിമോചനത്തിന്‍റെ പാർട്ടി' എന്നാണ് അർത്ഥം. ഇസ്ലാമിക് കാലിഫേറ്റ് പുനഃസ്ഥാപിക്കുകയും ആഗോളതലത്തിൽ ശരീഅത്ത് നിയമം നടപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ അന്താരാഷ്ട്ര സംഘടനയുടെ ലക്ഷ്യം. 2000 ൽ ബംഗ്ലാദേശിൽ പ്രവർത്തനം ആരംഭിച്ച ഹിസ്ബ് ഉത്-തഹ്‌രിർ തീവ്രവാദ പ്രവർത്തനങ്ങൾക്ക് 2009 ൽ വിലക്ക് ഏർപ്പെടുത്തി.
Also Read: താലിബാന് അൽ ഖ്വയ്ദയുമായി ശക്തമായ ബന്ധമെന്ന് രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോർട്ട്