ന്യൂഡല്‍ഹി: കൊവിഡ് പരിശോധനയ്‌ക്കായി അനധികൃതമായി സാമ്പിള്‍ ശേഖരിക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി സര്‍ക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി. അനുമതിയിലാതെ കൊവിഡ് പരിശോധനയ്‌ക്കായി സാമ്പിള്‍ ശേഖരിക്കുന്ന ഓണ്‍ലൈന്‍ ഹെല്‍ത്ത് അഗ്രിവേറ്റര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത അധികൃതര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് ഹര്‍ജി.
ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് നജ്‌മി വാസിരി വാദം കേള്‍ക്കുന്നത് ഏപ്രില്‍ 30ലേക്ക് മാറ്റി. സുപ്രീം കോടതി 2020 ഏപ്രില്‍ 8നും, ഹൈക്കോടതി 2020 ഓഗസ്റ്റ് 6നും പുറത്തിറക്കിയ ഉത്തരവുകള്‍ പാലിക്കാത്തതിനാണ് ഹര്‍ജിയില്‍ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. രോഹിത് ജെയിന്‍ എന്ന വ്യക്തിയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കോടതി ഉത്തരവിന് വിരുദ്ധമായി അനധികൃതമായി സാമ്പിളുകള്‍ ശേഖരിക്കുന്ന ഓണ്‍ലൈന്‍ ഹെല്‍ത്ത് സര്‍വീസ് അഗ്രിഗ്രേറ്റര്‍മാരെ തടയണമെന്ന് നിര്‍ദേശം നല്‍കാനും ഹര്‍ജിയില്‍ പറയുന്നു.
അംഗീകൃത ലാബുകള്‍ക്ക് മാത്രമോ കൊവിഡ് പരിശോധന നടത്താന്‍ കഴിയുകയുള്ളുവെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. രാജ്യത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുമ്പോള്‍ ഇത്തരം അനധികൃത നടപടികള്‍ ആശങ്കാജനകമാണെന്നും ഹര്‍ജിയില്‍ പറയുന്നു. അനധികൃത ഓണ്‍ലൈന്‍ പാത്തോളജിക്കല്‍ ലാബുകള്‍ക്കെതിരെ ഡല്‍ഹിയില്‍ യാതൊരു നിയമങ്ങളും ഇല്ലാത്ത സാഹചര്യത്തില്‍ കോടതിക്ക് മുമ്പാകെ അധികൃതര്‍ കള്ളം പറയുകയാണെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്.
മൊബൈല്‍ ആപ്പുകള്‍, വെബ്‌സൈറ്റുകള്‍, മറ്റ് ഡിജിറ്റല്‍ ആപ്പുകള്‍ വഴി കൊവിഡ് പരിശോധന ബുക്ക് ചെയ്യുകയും ഫലം തെറ്റായി തീരുകയും വഴി വീണ്ടും കൊവിഡ് വര്‍ധിക്കാന്‍ ഒരു കാരണമായി തീരുമെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.