ന്യൂയോര്‍ക്ക്: ഹാക്കര്‍മാര്‍ വാട്സ്‌ആപ്പിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ചാര സോഫ്റ്റ് വെയറുകള്‍ പ്രചരിപ്പിച്ചുവെന്ന് കണ്ടെത്തല്‍. മെയ് ആദ്യവാരമാണ് വോയ്സ് കോള്‍ സംവിധാനം ഉപയോഗിച്ച് ഇസ്രയേലി സോഫ്റ്റ് വെയര്‍ നിര്‍മാണ സംഘമായ എന്‍എസ്‌ഒ ഗ്രൂപ്പ് ചാരവൃത്തി നടത്തിയത്.
അജ്ഞാത നമ്പറില്‍ നിന്നെത്തുന്ന വോയ്സ് കോളാണ് ചാര നിരീക്ഷണ സോഫ്റ്റ് വെയറിനെ ഫോണില്‍ നിക്ഷേപിക്കുക. ഫോണിലെത്തുന്ന കോള്‍ എടുത്തില്ലെങ്കിലും ചാര സോഫ്റ്റ് വെയര്‍ ഫോണില്‍ കയറിപ്പറ്റും. തുടര്‍ന്ന് കോള്‍ ലിസ്റ്റില്‍ നിന്ന് അജ്ഞാത നമ്പര്‍ അപ്രത്യക്ഷമാകുമെന്നും ഫിനാന്‍ഷ്യല്‍ ടൈംസില്‍ വന്ന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ടെക് ക്രഞ്ച് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ സര്‍ക്കാരുകള്‍ക്ക് വേണ്ടി സുരക്ഷാ സോഫ്റ്റ് വെയറുകളും നിരീക്ഷണ പ്രോഗ്രാമുകളും നിര്‍മ്മിക്കുന്ന ഏജന്‍സിയാണ് ചാരവൃത്തിക്ക് പിന്നിലെന്നത് സംഭവത്തിന്‍റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
അതേസമയം തകരാര്‍ വാട്സ്‌ആപ്പ് പരിഹരിച്ചതായാണ് റിപ്പോർട്ടുകൾ. കുറച്ചു പേര്‍ മാത്രമേ ആക്രമണത്തിന് വിധേയമായിട്ടുള്ളൂവെന്ന് വാട്സ്‌ആപ്പ് അധികൃതര്‍ വ്യക്തമാക്കി. ഹാക്കര്‍മാരുടെ ഇടപെടല്‍ കണ്ടെത്തിയ ഉടന്‍ ഇക്കാര്യം മനുഷ്യാവകാശ സംഘടനകളേയും അമേരിക്കന്‍ നിയമ വകുപ്പിനേയും അറിയിച്ചിരുന്നതായി വാട്സ്‌ആപ്പ് അധികൃതര്‍ വ്യക്തമാക്കി.