മുംബൈ: ക്രിക്കറ്റില്‍ സ്ലഡ്‌ജിങ്ങിന് പേരുകേട്ടവരാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍. പക്ഷേ അത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയോട് വേണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ഓസിസ് പേസര്‍ ജോഷ് ഹേസില്‍വുഡ്. സ്ലഡ്‌ജിങ്ങിലൂടെ കോലിയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാല്‍ പണി കിട്ടുമെന്ന് ഹേസില്‍വുഡ് പറയുന്നു. സ്ലഡ്‌ജിങ്ങിനെ തുടര്‍ന്ന് പ്രകോപിതനായാല്‍ കോലിയെ പുറത്താക്കാനാകില്ല. പ്രത്യേകിച്ചും ബാറ്റ് ചെയ്യുമ്പോള്‍ അയാള്‍ മികച്ച ഫോമിലേക്ക് ഉയരുമെന്നും ഹേസില്‍വുഡ് പറഞ്ഞു.
നേരത്തെ മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് കോലിയുടെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു. ഇന്ത്യന്‍ ടീമിനെ നയിക്കുന്ന കാര്യത്തിലും റണ്‍സെടുത്തുന്ന കാര്യത്തിലും അസാമാന്യ മിടുക്കാണ് കോലി കാണിക്കുന്നതെന്ന് സ്മിത്ത് പറഞ്ഞു.
നിലവില്‍ ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും 50തിന് മുകളിലാണ് കോലിയുടെ ബാറ്റിങ് ശരാശരി. ടി20 ലോകകപ്പ് കൊവിഡ് 19 കാരണം മാറ്റിവെക്കുകയാണെങ്കില്‍ ഈ വര്‍ഷം അവസാനം നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലായിരിക്കും ഇരു ടീമുകളും ഏറ്റുമുട്ടുക. ഓസ്ട്രേലിയയില്‍ വെച്ചാണ് പരമ്പര നടക്കുക. കഴിഞ്ഞ വര്‍ഷം കോലിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ പരമ്പര സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ചിരുന്നു. നിലവില്‍ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ് വിരാട് കോലി. ഒന്നാം സ്ഥാനത്ത് 886 പോയിന്‍റുമായി സ്റ്റീവ് സ്മിത്താണ്. അതേസമയം ഏകദിന റാങ്കിങ്ങില്‍ 869 പോയിന്‍റുമായി വിരാട് കോലിയാണ് ഒന്നാമത്.