പാരീസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ ടേബിള്‍ ടോപ്പറായ ലില്ലിക്ക് വമ്പന്‍ ജയം. ലെന്‍സിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ലില്ലി പിഎസ്‌ജിയെ പിന്നലാക്കി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ലില്ലിക്ക് 36 മത്സരങ്ങളില്‍ നിന്നും 79ഉം പിഎസ്‌ജിക്ക് 35 മത്സരങ്ങളില്‍ നിന്നും 75ഉം പോയിന്‍റാണുള്ളത്. ലെന്‍സിനെതിരെ 35 വയസുള്ള ടര്‍ക്കിഷ് സ്‌ട്രൈക്കര്‍ ബാരക്ക് ഇല്‍മാസ് ഇരട്ട ഗോളുമായി തിളങ്ങിയപ്പോള്‍ മത്സരത്തില്‍ കനേഡിയന്‍ ഫോര്‍വേഡ് ജോനാഥന്‍ ഡേവിഡാണ് മൂന്നാമത്തെ ഗോള്‍ കണ്ടെത്തിയത്.
ഫ്രഞ്ച് ലീഗിലെ ഈ സീസണില്‍ ഇല്‍മാസിന്‍റെ ബൂട്ടില്‍ നിന്നും പിറന്നത് 15 ഗോളുകളാണ്. സീസണില്‍ ഇതേവരെ വിവിധ ലീഗുകളിലായി 17 ഗോളുകളാണ് ഇല്‍മാസിന്‍റെ പേരിലുള്ളത്. സീസണില്‍ ഫ്രീ ട്രാന്‍സ്‌ഫറിലൂടെയാണ് ലില്ലിയുടെ തട്ടകത്തില്‍ എത്തിയ ഇല്‍മാസ് തകര്‍പ്പന്‍ ഫോമിലാണ്.
ജയത്തോടെ ലീഗില്‍ നാല് പോയിന്‍റിന്‍റെ മുന്‍തൂക്കം ലഭിച്ച ലില്ലി കിരീട നേട്ടത്തിലേക്ക് ഒരുപടികൂടി അടുത്തു. സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ജയം തുടരാനായാല്‍ ലില്ലിക്ക് കപ്പ് ഉറപ്പാക്കാനാകും. കിരീടത്തിനായി പിഎസ്‌ജിയും ലില്ലിയും തമ്മില്‍ കനത്ത പോരാട്ടമാണ് സീസണില്‍ തുടരുന്നത്.