കോഴിക്കോട് : ട്രോളിങ് നിരോധനം മത്സ്യത്തൊഴിലാളികൾക്ക് എന്നും വറുതിയുടെ കാലമാണ്. ട്രോളിങ് നിരോധനം അവസാനിച്ചാൽ ബോട്ടുമായി കടലിൽ പോകാമെന്ന പ്രതീക്ഷയിലാണ് ഓരോ മത്സ്യത്തൊഴിലാളിയും. എന്നാല്‍ പുതിയാപ്പയിലെ തൊഴിലാളികൾ ഇത്തവണ ആശങ്കയിലാണ്. ട്രോളിങ് നിരോധനത്തെ തുടർന്ന് ഹാർബറിൽ നങ്കൂരമിട്ടിരിക്കുന്ന ബോട്ടുകളിൽ പലതും ശക്തമായ കാറ്റിലും മഴയിലും കരക്കടിഞ്ഞു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുലർച്ചക്ക് ആഞ്ഞുവീശിയ കാറ്റിൽ പുതിയാപ്പയിൽ നങ്കൂരമിട്ടിരുന്ന അഞ്ച് ബോട്ടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. ഇവയുടെ അറ്റകുറ്റപ്പണി തീർക്കാൻ ലക്ഷങ്ങളുടെ ചെലവ് വരുമെന്നാണ് തൊഴിലാളികൾ പറയുന്നത്. ട്രോളിങ് നിരോധനമായതിനാൽ കുടുംബം പോറ്റാൻ പാടുപെടുന്നവർക്ക് ബോട്ടിന്‍റെ അറ്റകുറ്റപ്പണി നടത്തുക എന്നത് വലിയ വെല്ലുവിളി തന്നെയാണെന്ന് തൊഴിലാളിയും ചെറിയ ബോട്ടിന്റെ ഉടമയുമായ പ്രവി ചെറിയകത്ത് പറയുന്നു. സാധാരണ ട്രോളിങ് നിരോധനത്തിന് മുമ്പുള്ള മാസങ്ങളിൽ അത്യാവശ്യം സമ്പാദിക്കാൻ കഴിയുമായിരുന്നെങ്കിലും ഇത്തവണ അതുണ്ടായില്ലെന്നും പ്രവി പറയുന്നു. ഇനിയും നാശനഷ്ടം ഉണ്ടായാൽ അതിനെ മറികടക്കാൻ മത്സ്യത്തൊഴിലാളികൾക്ക് കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങും.