കാസര്‍കോട്: കാസര്‍കോട് പയസ്വനി പുഴ നെയ്യംകയത്തില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. ഏത് വേനലിലും മൂന്നാള്‍ പൊക്കത്തില്‍ വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശത്ത് ക്രമാതീതമായി ജലവിതാനം താഴ്ന്നതോടെയാണ് മത്സ്യങ്ങള്‍ ചത്തുതുടങ്ങിയത്. ഉയര്‍ന്ന താപനിലയിലാണ് കഴിഞ്ഞ ദിവസം പ്രദേശത്ത് രേഖപ്പെടുത്തിയത്. ജലവിതാനം താഴ്ന്ന് വെള്ളം കലങ്ങിത്തുടങ്ങിയതോടെയാണ് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാതെ മീനുകള്‍ കരക്കടിഞ്ഞത്. 20ഇനം മത്സ്യങ്ങള്‍ ഇവിടെ മാത്രം ചത്തുപൊങ്ങി. ഇന്ത്യന്‍ മെഹസര്‍ എന്ന് പേരുള്ള മീനാണ് കൂടുതലും കരക്കടിഞ്ഞത്.
ചത്തുപൊങ്ങിയ മീനുകളെ പ്രദേശവാസികള്‍ മണലില്‍ കുഴിച്ചുമൂടുകയായിരുന്നു. ഒരേക്കര്‍ വിസ്തൃതിയുണ്ട് മീനുകള്‍ ചത്തുപൊങ്ങിയ നെയ്യംകയത്തിന്. ഇപ്പോള്‍ കഷ്ടിച്ച് മൂന്ന് മീറ്റര്‍ ആഴത്തില്‍ മാത്രമേ ഇവിടെ വെള്ളമുള്ളൂ. കൂടുതല്‍ ശുദ്ധജലം കയത്തിലേക്കൊഴുക്കി വിട്ട് ബാക്കിയുള്ള ജലജീവികളെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.