ലണ്ടന്‍: ഹോം ഗ്രൗണ്ട് പോരാട്ടത്തിനൊടുവില്‍ ആഴ്‌സണല്‍ യൂറോപ്പ ലീഗില്‍ നിന്നും പുറത്ത്. സ്‌പാനിഷ് കരുത്തരായ വിയ്യാറയലിനെതിരെ ഗോള്‍രഹിത സമനില വഴങ്ങിയതാണ് ഗണ്ണേഴ്‌സിന് തിരിച്ചടിയായത്. ഇതോടെ ഇരു പാദങ്ങളിലുമായി ഗോള്‍ ശരാശരിയില്‍ മുന്നിലുള്ള വിയ്യാറയല്‍ ഫൈനല്‍ യോഗ്യത സ്വന്തമാക്കി.
ഇരുപാദങ്ങളിലുമായി ലഭിച്ച ഗോള്‍ അവസരങ്ങള്‍ നിര്‍ഭാഗ്യം കൊണ്ടാണ് ആഴ്‌സണലിന് നഷ്‌ടമായത്. നായകന്‍ ഒബുമയാങ്ങിനെ മുന്‍നിര്‍ത്തി 4-1-4-1 ഫോര്‍മേഷനില്‍ മൈക്കള്‍ അട്ടേര ഗണ്ണേഴ്‌സിനെ അണിനിരത്തിയപ്പോള്‍ വിയ്യാറയല്‍ 4-4-2 ഫോര്‍മേഷനാണ് പ്രയോഗിച്ചത്. അല്‍കാസറും മൊറേനോയും വിയ്യാറയലിനായി മുന്നേറ്റ നിരയില്‍ അണിനിരന്നു. ആഴ്‌സണല്‍ 14ഉം വിയ്യാറയല്‍ എട്ടും ഷോട്ടുകള്‍ മത്സരത്തില്‍ ഉതിര്‍ത്തു. പരുക്കന്‍ കളി പുറത്തെടുത്ത ആഴ്‌സണലിന് 13ഉും വിയ്യാറയലിന് ആറും യെല്ലോ കാര്‍ഡ് ലഭിച്ചു.
യൂറോപ്പ ലീഗിന്‍റെ ചരിത്രത്തില്‍ ആദ്യമായി സെമി ഫൈനലില്‍ പ്രവേശിച്ച വിയ്യാറയലിന് ഫൈനല്‍ യോഗ്യത ഇരട്ടി മധുരമാണ്. ഈ മാസം 27ന് പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെയാണ് ഫൈനല്‍ പോരാട്ടം.