കണ്ണൂർ: ലോക പരിസ്ഥിതി ദിനം മുതൽ വീടുകളും വിദ്യാലയങ്ങളും ഹരിതാഭമാക്കാനൊരുങ്ങി ഔഷധി. ഒന്നര ലക്ഷം ഔഷധ സസ്യങ്ങളാണ് വിതരണം ചെയ്യാനായി കണ്ണൂർ പരിയാരത്ത് തയ്യാറാക്കിയിരിക്കുന്നത്. ഓരോ വീട്ടിലും വിവിധയിനം ഔഷധ സസ്യങ്ങൾ എന്ന സന്ദേശം നൽകുന്നതാണ് ഔഷധിയുടെ പദ്ധതി. സർക്കാർ സ്ഥാപനമായ ഔഷധിയുടെ പരിയാരത്തെ തോട്ടത്തിലാണ് ഈ തൈകൾ തളിരിട്ടിരിക്കുന്നത്. നെല്ലി, കുമുദ്, കറിവേപ്പ്, ആര്യവേപ്പ്, കൂവളം, വേങ്ങ, വാക തുടങ്ങി ഇരുപതിലേറെ ഔഷധ ചെടികളാണ് വിതരണം ചെയ്യുന്നത്. ക്ലബ്ബുകൾക്കും വായനശാലകൾക്കും സന്നദ്ധ സംഘടനകൾക്കും എൺപതിനായിരം തൈകളാണ് കൈമാറുന്നത്.
കറ്റാർവാഴ, കരിനൊച്ചി, വാതംകൊല്ലി, കസ്തൂരി വെണ്ട, രാമച്ചം, മൈലാഞ്ചി എന്നിവയാണ് എൽപി സ്കൂൾ മുതൽ കോളജ് തലം വരെ എത്തിക്കുന്നത്. തൈകൾ പ്ലാസ്റ്റിക് കവറുകളിൽ നൽകുമ്പോൾ വിദ്യാലയങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത് ഒഴിവാക്കാൻ പ്രത്യേക റൂട്ട് ട്രേകളിൽ വളർത്തിയാണ് വിതരണം. അടുത്ത വർഷം മുതൽ നൂറു ശതമാനവും പ്ലാസ്റ്റിക്ക് രഹിത ട്രേകളിൽ തൈകൾ വിതരണം ചെയ്യാനാണ് ഔഷധി ഉദ്ദേശിക്കുന്നത്. പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കി മുളന്തണ്ടുകളിൽ മണ്ണ് നിറച്ച് ഔഷധ സസ്യങ്ങൾ വിതരണം ചെയ്യും. ഇതിന്റെ ഭാഗമായി അതിവേഗം വളരുന്ന മുളകൾ നടാനും തീരുമാനിച്ചു.