ന്യൂഡല്‍ഹി: ഇംഗ്ലണ്ട് പര്യടനത്തിനായി ജംബോ സംഘത്തെ ഒരുക്കാന്‍ ബിസിസിഐ. ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലും ഇംഗ്ലണ്ടിനെതിരായ പരമ്പരകളും ഉള്‍പ്പെടുന്നതാണ് പര്യടനം. നാല് മാസം നീളുന്ന പര്യടനത്തിനായി 30 അംഗ സംഘത്തെ ഇന്ത്യയില്‍ നിന്നും അയക്കാനുള്ള ശ്രമമാണ് ബിസിസിഐ നടത്തുന്നത്.
സതാംപ്‌റ്റണിലാണ് കിവീസിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍. ജൂണ്‍ 18 മുതല്‍ 22 വരെ നടക്കുന്ന ഫൈനലിന് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ടീം ഇന്ത്യ കളിക്കും. ഓഗസ്റ്റ് നാലിന് നോട്ടിങ്ഹാമില്‍ പരമ്പരക്ക് തുടക്കമാകും. ഓഗസ്റ്റ് 12ന് ലോഡ്‌സിലും ഓഗസ്റ്റ് 25ന് ലീഡ്‌സിലും സെപ്‌റ്റംബര്‍ ആറിന് ഓവലിലും സെപ്‌റ്റംബര്‍ 10ന് മാഞ്ചസ്റ്ററിലും ടെസ്റ്റ് ആരംഭിക്കും.
14 ദിവസത്തെ ക്വാറന്‍റൈനാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുകെ നിശ്ചയിച്ചത്. അതിനാല്‍ തന്നെ ഇന്ത്യന്‍ സംഘത്തില്‍ മാറ്റം വരുത്തുക എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് ജംബോ സംഘത്തെ ബിസിസിഐ പരിഗണിക്കുന്നത്.
എക്‌സ്ട്രാ ഓപ്പണര്‍ സ്ഥാനത്തേക്ക് ഐപിഎല്‍ സെന്‍സേഷന്‍ ദേവ്‌ദത്ത് പടിക്കല്‍ ഉള്‍പ്പെടെയുള്ളവരെ ബിസിസിഐ പരിഗണിക്കുന്നുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ ഫോമിലേക്ക് ഉയര്‍ന്ന പൃഥ്വി ഷാ ഓപ്പണറായി ടീമില്‍ തിരിച്ചെത്താനും സാധ്യതയുണ്ട്. നേരത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‍റെ ഭാഗമായി ഒരു ടെസ്റ്റ് മത്സരത്തില്‍ മാത്രമെ ഷാക്ക് അവസരം ലഭിച്ചിരുന്നുള്ളൂ.
എക്‌സ്‌ട്രാ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ സ്ഥാനത്തേക്ക് ഇഷാന്‍ കിഷന്‍ കോന ഭരത്ത് തുടങ്ങിയവരെയും ബിസിസിഐ പരിഗണിക്കുന്നണ്ട്. റിസ്റ്റ് സ്‌പന്നിറായി അക്‌സര്‍ പട്ടേല്‍, രാഹുല്‍ ചാഹര്‍ എന്നിവരെ രവി അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊപ്പം പരിഗണിച്ചേക്കും. പേസര്‍ നി നടരാജന്‍ പരിക്കേറ്റ് പുറത്തിരിക്കുന്ന സാഹചര്യത്തില്‍ ജയദേവ് ഉനദ്‌കട്ട്, പ്രസിദ്ധ് കൃഷ്‌ണ എന്നിവര്‍ക്ക് അവസരം ലഭിച്ചേക്കും. പരിക്ക് ഭേദമായ മുഹമ്മദ് ഷമിയും ഹനുമാ വിഹാരി, ഭുവനേശ്വര്‍ തുടങ്ങിയവരും ടീമില്‍ ഇടം നേടാന്‍ സാധ്യതയുള്ളവരാണ്.