ന്യൂഡല്‍ഹി: ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാഷ്ട്രപതി റാം നാഥ് കോവിന്ദ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ തുടങ്ങിയ പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി.
രാഷ്ട്രപതി ഭവനിലെ പത്താം നമ്പര്‍ പോളിങ് ബൂത്തിലായിരുന്നു രാഷ്ട്രപതി റാം നാഥ് കോവിന്ദ് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ സവിത കോവിന്ദിനൊപ്പം എത്തിയ അദ്ദേഹം, രാഷ്ട്രപതി പഥത്തിലെത്തിയ ശേഷം ആദ്യമായാണ് തന്‍റെ വോട്ടവകാശം വിനിയോഗിക്കുന്നത്. ഡല്‍ഹി ഔറംഗസീബ് ലേനിലെ എന്‍ പി സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയ രാഹുല്‍ ഗാന്ധി വിദ്വേഷം ഉപയോഗിച്ചു കൊണ്ടാണ് മോദി വോട്ടു തേടിയെതെന്നും അതേ സമയം സ്നേഹമായിരുന്നു താന്‍ പ്രയോഗിച്ചതെന്നും പറഞ്ഞു.
കുടുംബത്തോടൊപ്പമായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ വോട്ട് ചെയ്യാനെത്തിയത്. ഹരിയാനയിലെ ഗുരുഗ്രാമിലെ പോളിങ് ബൂത്തില്‍ അതിരാവിലെയെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലി നീണ്ട ക്യൂവില്‍ കാത്തു നിന്നായിരുന്നു വോട്ടു ചെയ്തത്.
വോട്ടെടുപ്പ് തുടങ്ങി ആറു മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ 25 ശതമാനത്തിലധികമാണ് പോളിങ് രേഖപ്പെടുത്തിയത്. ഏഴു സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലായി വോട്ടെടുപ്പ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മെയ് 23 നാണ് ഫലപ്രഖ്യാപനം.