കാസർകോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ യുഡിഎഫിന് ഉണ്ടായ പരാജയത്തെ കുറിച്ച് അന്വേഷിക്കാന്‍ കെ വി തോമസ് അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ചതായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പി സി വിഷ്ണുനാഥ്, കെ പി കുഞ്ഞിക്കണ്ണൻ എന്നിവർ അംഗങ്ങളായുള്ള സമിതി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കും. സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം തിരുത്തൽ നടപടി സ്വീകരിക്കുമെന്നും മുല്ലപ്പള്ളി കാസർകോട് പറഞ്ഞു.
കേരളത്തിൽ 19 സീറ്റുകൾ ലഭിച്ചിട്ടും ആലപ്പുഴയിൽ മാത്രം നേരിടേണ്ടി വന്ന അവിശ്വസനീയ പരാജയത്തെക്കുറിച്ച് ഇഴകീറി പരിശോധിക്കും. മറ്റ് മണ്ഡലങ്ങളിലേത് പോലെ സമുദായ സംഘടനകളുടെ സഹായം ആലപ്പുഴയിലും ലഭിച്ചെങ്കിലും പരാജയപ്പെട്ടു. പരാജയത്തിന്‍റെ ഉത്തരവാദിത്തം ഒരു നേതാവിന്റെ തലയിലും കെട്ടിവയ്ക്കുന്നത് ഉചിതമല്ല. സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ നിയന്ത്രിക്കുന്ന കോൺഗ്രസ് പ്രവർത്തകർ നേതാക്കളെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതായും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. സംഭവത്തിൽ ഐടി സെല്ലിന്‍റെ ചുമതലയുള്ള ശശി തരൂരിനോട് ഇക്കാര്യം അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. സൈബർ അക്രമം ഏറ്റവും കൂടുതൽ നേരിട്ടത് എ കെ ആന്റണിയാണെന്നും അതിൽ അദ്ദേഹം ഏറെ പ്രയാസപ്പെട്ടിട്ടുണ്ടെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.