കണ്ണൂർ: ദുബായിൽ ബസ് അപകടത്തിൽ മരിച്ച രണ്ട് മലയാളികളെ കൂടി തിരിച്ചറിഞ്ഞു. കണ്ണൂർ തലശ്ശേരി സ്വദേശികളായ ഉമ്മർ, മകൻ നബീൽ ഉമ്മർ എന്നിവരാണ് മരിച്ചത്. ബസപകടത്തിൽ ആറ് മലയാളികൾ ഉൾപ്പെടെ 17 പേരാണ് മരിച്ചത്.
മലയാളികളിൽ നാലുപേരെ തിരിച്ചറിഞ്ഞിരുന്നു. ദീപക് കുമാർ, ജമാലുദ്ദിൻ, വാസുദേവൻ, തിലകൻ എന്നിവരാണ് മരിച്ച മറ്റു മലയാളികൾ. ഒമാനിൽ നിന്ന് ദുബായിലേക്ക് വന്ന ബസാണ് ഇന്നലെ വൈകിട്ട് 5 :30 ന് അപകടത്തിൽപെട്ടത്. അപകടത്തിൽ പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമാണ്. മരിച്ച മൂന്ന് പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ച ദീപക്കിന്റെ ഭാര്യയും മക്കളും റാഷീദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പരിക്കേറ്റവരിൽ രണ്ട് മലയാളികൾ ഉണ്ടെന്നാണ് റിപ്പോർട്ട്.
മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. യുഎഇയിൽ താമസവിസയിൽ ജോലി ചെയ്യുന്നവരാണ് മരിച്ചവർ. മൃതദേഹങ്ങൾ റാഷിദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥരും സാമൂഹ്യ പ്രവർത്തകരും ആശുപതിയിൽ എത്തിയിട്ടുണ്ട്.