കോഴിക്കോട്: തണ്ണിമത്തനും ഓറഞ്ചും ആപ്പിളുമെല്ലാം കഴിച്ച് നോമ്പ് തുറന്നിരുന്ന മലയാളികളുടെ തീന്‍മേശകളില്‍ ഇപ്പോള്‍ ഡ്രൈ ഫ്രൂട്ട്സാണ് മുമ്പന്മാര്‍. നോമ്പ് കാലം ആരംഭിച്ചതോടെ ഡ്രൈഫ്രൂട്ട്സും മലയാളികളുടെ പ്രിയവിഭവമായി മാറി. ഈന്തപ്പഴം, അത്തിപ്പഴം, പിസ്ത, ബദാം എന്നിങ്ങനെയുള്ള ഡ്രൈഫ്രൂട്ട്സാണ് നോമ്പുതുറ വിഭവങ്ങളില്‍ അവിഭാജ്യഘടകങ്ങളായി മാറിയിരിക്കുന്നത്. നോമ്പ് തുറക്കുമ്പോൾ നാടൻ പലഹാരങ്ങളായ പത്തിരിയും മുട്ട നിറച്ചതുമെല്ലാം ഉണ്ടെങ്കിലും ഡ്രൈഫ്രൂട്ട്സ് കൂടിയുണ്ടെങ്കിലേ നോമ്പുതുറ ജോറാകുകയുള്ളൂ എന്ന സ്ഥിതിയിലാണ് മലയാളികള്‍. മുന്‍കാലങ്ങളില്‍ ഈന്തപ്പഴത്തിന് ആവശ്യക്കാർ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ട്. വിദേശങ്ങളില്‍ നിന്നെത്തുന്ന ഈന്തപ്പഴത്തിനാണ് ആവശ്യക്കാര്‍ ഏറെയുള്ളതെന്ന് വ്യാപാരിയായ പി ഉസ്‌ബീർ അഹമ്മദ് പറയുന്നു.
പെരുന്നാളിനെ വരവേൽക്കാൻ നഗര-ഗ്രാമ വ്യത്യാസമില്ലാതെയാണ് ഡ്രൈഫ്രൂട്ട്സ് വിപണി സജീവമായിട്ടുള്ളത്. നോമ്പുകാലം ആരംഭിച്ച് ആദ്യ ആഴ്ച പിന്നിടുമ്പോഴേക്കും ഡ്രൈഫ്രൂട്ട്സിന് ആവശ്യക്കാര്‍ വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.