മലപ്പുറം: എടപ്പാളിൽ ഡിഫ്റ്റീരിയ ലക്ഷണങ്ങളോടെ ആറുവയസ്സുകാരൻ മരിച്ചതിനെത്തുടർന്ന് ജില്ലാ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി.
എടപ്പാൾ പെരുമ്പറമ്പ് മണ്ണാറവളപ്പിൽ മുഹമ്മദ് ഷാനാണ് മരിച്ചത്. മരണകാരണം ഡിഫ്തീരിയാണെന്നാണ് കുട്ടിയെ ചികിത്സിച്ച തൃശ്ശൂർ മെഡിക്കൽ കോളേജ് കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെ നിഗമനം. എന്നാൽ വിദഗ്ധ പരിശോധനയ്ക്കായി നൽകിയ സാമ്പിളുകളുടെ പരിശോധനാഫലം ലഭ്യമായാൽ മാത്രമേ രോഗം സ്ഥിരീകരിക്കാനാവൂ. ഫലം വന്നിട്ടില്ലെങ്കിലും പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ഡിഎംഒ പറഞ്ഞു. കുട്ടിയുടെ രക്ഷിതാക്കൾ സമ്മതിക്കാത്തതിനെ തുടർന്ന് കുട്ടിക്ക് നേരത്തെ പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നില്ല. കുട്ടിയുടെ മരണത്തെ തുടർന്ന് പ്രദേശത്ത് പ്രതിരോധ കുത്തിവെപ്പ് ബോധവൽക്കരണം നടക്കുന്നുണ്ട്. കഴിഞ്ഞവർഷം ആറുപേർക്ക് ഡിഫ്തീരിയ സ്ഥിരീകരിക്കുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു. ഈ വർഷം ആദ്യമായാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.