തിരുവനന്തപുരം: ബാലഭാസ്കർ ആണ് അപകടസമയത്ത് വാഹനമോടിച്ചതെന്ന കെഎസ്ആർടിസി ഡ്രൈവർ അജിയുടെ വാദം തള്ളി ബാലഭാസ്കറിന്റെ പിതാവ് കെസി ഉണ്ണി. സ്വർണ്ണക്കടത്തുകേസിൽ പ്രകാശ് തമ്പിക്കൊപ്പം അറസ്റ്റിലായ ബന്ധു, കെഎസ്ആർടിസി കണ്ടക്ടർ സുനിലിന്റെ സുഹൃത്താണ് അജി. ആ സ്വാധീനം ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ടാകാം എന്നും കെ സി ഉണ്ണി പറഞ്ഞു.
ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. അന്വേഷണം പൂർത്തിയാവട്ടെ. തൃപ്തികരമല്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുന്നത് അടക്കമുള്ള വഴികൾ അപ്പോൾ നോക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളിൽ വരുന്ന പല വാർത്തകളും വേദനിപ്പിക്കുന്നു. പലതും സത്യമല്ല. താൻ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ ഒക്കെയാണ് വാർത്തയായി വരുന്നത്. ബാലുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മാത്രമാണ് തന്‍റെ പരാതി. ബാലുവിന്റെ ഭാര്യ ലക്ഷ്മിയെ താൻ വീട്ടിൽ കയറ്റിയില്ല എന്നൊക്കെ ചില മാധ്യമങ്ങൾ വാർത്ത പ്രചരിപ്പിക്കുന്നു. ലക്ഷ്മി ബാലുവിനൊപ്പം വന്നിട്ടുണ്ട്. പക്ഷേ പുറത്ത് കാറിൽ ഇരിക്കും. താൻ പോയി ക്ഷണിച്ചിട്ടില്ല. വീട്ടിൽ വരുന്നതിൽ എതിർപ്പുണ്ടായിരുന്നില്ല. ബാലുവിന്റെ മരണശേഷവും തങ്ങൾ ലക്ഷ്മിയുമായി അടുക്കരുത് എന്ന നിർബന്ധം ചിലർക്ക് ഉണ്ടായിരുന്നു. അവർ അതിൽ വിജയിക്കുകയും ചെയ്തു. ദൈവീകമായ ഇടപെടൽ ഉള്ള കേസാണിതെന്ന് വിശ്വസിക്കുന്നു. ദുരൂഹതകൾ നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാലഭാസ്കറിന്‍റെ പിതാവ് പറഞ്ഞു.