ന്യൂഡല്‍ഹി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി ഐപിഎല്ലില്‍ കളിച്ച റിങ്കു സിംഗിനെ ബിസിസിഐ മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ബിസിസിഐയുടെ അനുവാദമില്ലാതെ അബുദാബായില്‍ നടന്ന ടി-20 ടൂർണമെന്‍റില്‍ പങ്കെടുത്തതിനാണ് നടപടി.
ബിസിസിഐ നിയമപ്രകാരം ബോർഡില്‍ രജിസ്റ്റർ ചെയ്ത ഒരു താരത്തിന് വിദേശത്ത് കളിക്കാൻ ബോർഡിന്‍റെ മുൻകൂർ അനുമതി വാങ്ങിയിരിക്കണം. എന്നാല്‍ റിങ്കു സിംഗ് ഇത്തരത്തില്‍ അനുമതി വാങ്ങിയിരുന്നില്ല. തുടർന്നാണ് താരത്തിനെതിരെ നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. സസ്പെൻഷൻ ജൂൺ ഒന്നുമുതല്‍ നിലവില്‍ വരുമെന്നും ബിസിസിഐ അറിയിച്ചു. ഇതോടെ ശ്രീലങ്ക എ ടീമിനെതിരെ കളിക്കുന്ന ഇന്ത്യ എ ടീമില്‍ നിന്നും റിങ്കുവിനെ ഒഴിവാക്കി. ഭാവിയിലും ബിസിസിഐ ഇത്തരം നിയമവിരുദ്ധമായ നടപടികൾക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.