മലപ്പുറം: എല്‍ഡിഎഫ് പൊന്നാനി ലോക്സഭാ സ്ഥാനാര്‍ഥിയും നിലമ്പൂര്‍ എംഎല്‍എയുമായ പി വി അന്‍വറും സിപിഐയും തമ്മിലുള്ള പോര് മുറുകുന്നു. സിപിഐക്കെതിരെ അന്‍വര്‍ നടത്തിയ പ്രസ്താവനകള്‍ മുന്നണി മര്യാദക്ക് നിരക്കാത്തതാണെന്ന് സിപിഐ മലപ്പുറം ജില്ല കൗൺസില്‍ യോഗത്തില്‍ വിമര്‍ശനം. ഇത്തരം പരാമര്‍ശങ്ങള്‍ക്ക് നേരെ കണ്ണടച്ചിരിക്കാന്‍ കഴിയില്ലെന്നും സിപിഐ അറിയിച്ചു.
സിപിഎം ഇടപ്പെട്ട സാഹചര്യത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ ഇനി ഉണ്ടാകില്ലെന്ന് കരുതുന്നതായും സിപിഐ ജില്ല കൗൺസില്‍ യോഗം വിലയിരുത്തി. സിപിഐ മുസ്ലിം ലീഗിന് തുല്യമാണെന്നും സിപിഐ നേതാക്കള്‍ എക്കാലത്തും തന്നെ ദ്രോഹിച്ചിരുന്നുവെന്നും അന്‍വര്‍ പ്രസ്താവിച്ചിരുന്നു. വയനാട് സിപിഐ സ്ഥാനര്‍ഥി പി പി സുനീര്‍ മുസ്ലിം ലീഗിലേക്ക് ചേരാനൊരുങ്ങിയെന്നും അദ്ദേഹം ക്വാറി മാഫിയയുടെ ആളാണെന്നും പി വി അന്‍വര്‍ ചിത്രീകരിച്ചതിനെതിരെയും യോഗത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നു.