കണ്ണൂർ: വടകര പാര്‍ലമെന്‍റ് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സിപിഎം നേതാവുമായിരുന്ന സിഒടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസിൽ മുഖ്യ പ്രതികൾ കോടതിയിൽ കീഴടങ്ങി. കേസിലെ ഒന്നും രണ്ടും പ്രതികളായ കതിരൂർ വേറ്റുമ്മൽ കൊയിറ്റി ഹൗസിൽ ശ്രീജിൻ (26), കൊളശേരി ശ്രീലക്ഷ്മി ക്വാർട്ടേഴ്സിൽ റോഷൻ (26) എന്നിവരാണ് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. രണ്ട് പ്രതികളേയും കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
റോഷനെ ഒളിവിൽ കഴിയാൻ സഹായം ചെയ്ത കുറ്റത്തിന് തമിഴ്നാട് ധർമ്മപുരി ഹുസൂറിൽ ബേക്കറി ഉടമയായ കൊളശേരി ബിശ്വാസ് നിവാസിൽ ബിശ്വാസിനെ (25) സി ഐ വി.കെ. വിശ്വംഭരൻ, എസ് ഐ ഹരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികൾക്കായി പൊലീസിന്‍റെ വ്യാപകമായ അന്വഷണം നടത്തുന്നതിനിടയിലാണ് മുഖ്യ പ്രതികൾ കീഴടങ്ങിയത്. നേരത്തെ അറസ്റ്റിലായ എരഞ്ഞോളി പൊന്ന്യത്തെ അശ്വന്ത് (20) കൊളശേരി കളരിമുക്കിലെ കുന്നിലേരി മീത്തല്‍ സോജിത്ത് (24) എന്നിവരുടെ റിമാന്റ് കാലാവധി പൂർത്തിയായതിനെ തുടർന്ന് ഇന്ന് കോടതിയിൽ ഹാജരാക്കി. മെയ് 18 ന് രാത്രിയാണ് നസീറിന് നേരെ കായ്യത്ത് റോഡില്‍ വച്ച് വധശ്രമമുണ്ടായത്.