കോഴിക്കോട്: ഹയര്‍സെക്കന്‍ററി പരീക്ഷയില്‍ വിദ്യാർഥികള്‍ക്കുവേണ്ടി അധ്യാപകന്‍ ഉത്തരക്കടലാസ് എഴുതി നൽകിയ സംഭവത്തിൽ പൊലീസ് അന്വേഷണത്തിന് ഉത്തരവ്. മുക്കം നീലേശ്വരം ഗവ. ഹയർ സെക്കന്‍ററി സ്കൂളിലെ ആൾമാറാട്ടത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി. ഇതു സംബന്ധിച്ച് ഹയർ സെക്കന്‍ററി ഡയറക്ടർ തിങ്കളാഴ്ച ഡിജിപിക്ക് പരാതി നൽകും.
സ്കൂളിലെ രണ്ട് പ്ലസ് ടു വിദ്യാർഥികൾക്കായി ഇംഗ്ലീഷ‌് പരീക്ഷയും രണ്ട് പ്ലസ് വണ്‍ വിദ്യാർഥികൾക്കായി കംപ്യൂട്ടർ പരീക്ഷയും ഓഫീസിലിരുന്ന് എഴുതുകയും 32 കുട്ടികളുടെ ഉത്തരക്കടലാസ് തിരുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി. പരീക്ഷയുടെ മൂല്യനിര്‍ണയത്തിനിടെയാണ് ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടത‌്. ഉത്തരകടലാസിലെ കൈയ്യക്ഷരത്തില്‍ സംശയം തോന്നിയ അധികൃതര്‍, മറ്റു ക്യാമ്പുകളില്‍ നിന്നും ഈ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ എത്തിച്ച് പരിശോധന നടത്തുകയും തട്ടിപ്പ് കണ്ടെത്തുകയും ചെയ്യുകയായിരുന്നു.
സംഭവത്തില്‍ അധ്യാപകനും അഡീഷനൽ ഡപ്യൂട്ടി ചീഫുമായ നിഷാദ‌് വി മുഹമ്മദ‌്, ചീഫ‌് സൂപ്രണ്ടും സ‌്കൂൾ പ്രിൻസിപ്പലുമായ കെ റസിയ, പരീക്ഷാ ഡപ്യൂട്ടി ചീഫും ചേന്ദമംഗലൂര്‍ ഗവ. ഹയർ സെക്കൻഡറി സ‌്കൂളിലെ അധ്യാപകനുമായ പി കെ ഫൈസൽ എന്നിവരെ നേരത്തെ തന്നെ സസ്പെൻഡ് ചെയ്തിരുന്നു.