ലണ്ടനിലെ ബാകോപ്‌സ് കമ്പനിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ പുതിയ ആരോപണം. ബിജെപിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ബാകോപ്സ് കമ്പനിയുടെ പങ്കാളിക്ക് പ്രതിരോധ ഇടപാട് കരാര്‍ ലഭിക്കാന്‍ രാഹുൽ ഗാന്ധി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്നാണ് ആരോപണം. ആരോപണം ഉന്നയിച്ചാല്‍ പോര തെളിയിക്കണം എന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.
ബാകോപ്‌സ് കമ്പനി രേഖകള്‍ പ്രകാരം രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരന്‍ ആണെന്നായിരുന്നു ബിജെപിയുടെ ആദ്യ ആരോപണം. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിൽ വിശദീകരണം ആവശ്യപ്പെട്ട് മന്ത്രാലയം രാഹുലിന് നോട്ടീസ് അയച്ചിരിന്നു. 2002 ല്‍ സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കൊപ്പം രാഹുല്‍ ബാകോപ്സ് എന്ന പേരില്‍ ഇന്ത്യയില്‍ കമ്പനി രൂപീകരിച്ചിരുന്നു. 2003 ല്‍ ലണ്ടനിൽ ഇതേ പേരില്‍ രാഹുല്‍ കമ്പനി രൂപീകരിച്ചിരുന്നു. കമ്പനി 2009 വരെ പ്രവര്‍ത്തിക്കുകയും ചെയ്തു. അന്ന് രാഹുലിന്‍റെ പങ്കാളിയായിരുന്ന ഉള്‍റിക് മിക്നൈറ്റ് സ്ഥാപിച്ച മറ്റൊരു കമ്പനിക്ക് സ്കോർപിയോൺ മുങ്ങിക്കപ്പല്‍ ഇടപാടിലെ ഓഫ്സെറ്റ് കരാര്‍ ലഭിച്ചു. ഇതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് രാഹുല്‍ ഗാന്ധിയാണെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി ആരോപിച്ചു.