ആലപ്പുഴ: തെരഞ്ഞെടുപ്പിലെ പ്രകടനവും പ്രവർത്തനങ്ങളും അവലോകനം ചെയ്യാൻ ബിജെപി സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ആലപ്പുഴയിൽ.
ബിജെപി ദേശീയ സഹസംഘടനാ സെക്രട്ടറി ബി എൽ സന്തോഷ്, കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി എച്ച് രാജ, തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ദേശീയ സെക്രട്ടറി വൈ സത്യകുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം.
ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിച്ചുവെന്നും തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പൊതുവായ പ്രകടനം എങ്ങനെയായിരുന്നുവെന്നും യോഗത്തിൽ വിലയിരുത്തും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഘടകകക്ഷികളുടെ പങ്കാളിത്തം എത്രമാത്രം ഉണ്ടായിരുവെന്നും യോഗം പരിശോധിക്കും. തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിൽ വിജയസാധ്യത ഉണ്ടായിരുന്നിട്ടും സീറ്റ് നഷ്ടമായത് യോഗത്തിൽ ചർച്ചയാകും.
സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ളയ്ക്ക് പുറമേ മുൻ സംസ്ഥാന അധ്യക്ഷൻമാരെയും യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. കുമ്മനം രാജശേഖരൻ, ഒ രാജഗോപാൽ എംഎൽഎ, കെ സുരേന്ദ്രൻ, പി കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ, എം ടി രമേശ് ഉൾപ്പെടെ പന്ത്രണ്ട് പേരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.