ബാഴ്സലോണ: ലോകത്തെ ഫുട്ബോള്‍ ആരാധകര്‍ക്ക് മെസി ഉള്‍പ്പെടെ നിരവധി കളിക്കാരെ സമ്മാനിച്ച ക്ലബാണ് ബാഴ്സലോണ. ഗോളടിക്കുന്ന കാര്യത്തില്‍ ബാഴ്സയുടെ താരങ്ങള്‍ ഒരു കാലത്തും പിന്നോട്ട് പോയിട്ടില്ല. സ്പാനിഷ് ലാലിഗിയിലെ നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്സലോണ കഴിഞ്ഞ മത്സരത്തില്‍ വില്ലാറിയലിന്‍റെ വല നിറച്ചപ്പോള്‍ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി. 9,000 ഗോളുകളെന്ന നേട്ടമാണ് ബാഴ്സലോണ സ്വന്തമാക്കിയിരിക്കുന്നത്. ബാഴ്സലോണ തങ്ങളുടെ ഔദ്യോഗിക വെബ് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വില്ലാറയലിനെതിരായ മത്സരത്തില്‍ നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ മൂന്ന് മിനുട്ട് മാത്രം ശേഷിക്കെ കൗമാര താരം ആന്‍സു ഫാറ്റി എതിരാളകളുടെ വല ചലിപ്പിച്ചപ്പോഴാണ് ഈ നേട്ടം ബാഴ്സയെ തേടിയെത്തിയത്. മത്സരത്തില്‍ വില്ലാറയലിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബാഴ്സലോണ പരാജയപ്പെടുത്തി. ബാഴ്സലോണ എഫ്സി ആദ്യ ഒഫീഷ്യല്‍ ഗോള്‍ സ്വന്തമാക്കിയ ശേഷം 111 വര്‍ഷങ്ങളെടുത്തു 9000 ഗോളുകളെന്ന നേട്ടത്തിലേക്കെത്താന്‍. 1909 ഏപ്രില്‍ അഞ്ചിനാണ് ബാഴ്സലോണ എഫ്സി ലാലിഗയിലൂടെ ആദ്യ ഔദ്യോഗിക ഗോള്‍ നേടുന്നത്. ആറ് തവണ ബാലന്‍ ദ്യോര്‍ സ്വന്തമാക്കിയ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് ബാഴ്സയുടെ നേട്ടത്തില്‍ വലിയ പങ്കുണ്ട്. ക്ലബിന് വേണ്ടി 630 ഗോളുകളാണ് മെസി അടിച്ച് കൂട്ടിയത്. 2011-12 സീസണിലാണ് ബാഴ്സലോണ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയത്. ആ സീസണില്‍ 190 ഗോളുകളാണ് ബാഴ്സ സ്വന്തം പേരില്‍ കുറിച്ചത്. ലാലിഗയില്‍ ജൂലൈ ഒമ്പതിന് നടക്കുന്ന അടുത്ത മത്സരത്തില്‍ ബാഴ്സലോണ എസ്പാനിയോളിനെ നേരിടും.