സാൻ ഫ്രാൻസിസ്കോ: അമേരിക്കയിൽ ചൈനീസ് ആപ്പ് സ്റ്റോറിൽ നിന്ന് 47,000 ആപ്ലിക്കേഷനുകൾ ആപ്പിൾ നീക്കം ചെയ്തു. ആയിരക്കണക്കിന് ആപ്ലിക്കേഷനുകൾ അടുത്തിടെ നീക്കംചെയ്തതിന് പിന്നാലെയാണ് പുതിയ നീക്കം. ഇനിയും നിരവധി ആപ്പുകൾ സർക്കാർ ലൈസൻസുകളും ചൈനയിലെ പ്രാദേശിക പങ്കാളിത്തവും ഇല്ലാതെ പ്രവർത്തിക്കുന്നുണ്ട്.
ടിക് ടോക്കിനെയും വൈചാറ്റിനെയും നീക്കം ചെയ്യുമെന്ന് ട്രംപ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. യു.എസ് ഭരണകൂടത്തിന്‍റെ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ യുദ്ധത്തിന് ആക്കംകൂട്ടുകയാണ്. ട്രംപ് ഭരണകൂടം ചൈനീസ് കമ്പനിയായ ഹുവാവേക്കുള്ള നിയന്ത്രണങ്ങളും കർശനമാക്കിയിട്ടുണ്ട്.
ഇന്റർനെറ്റ് നയങ്ങൾ പാലിക്കാൻ കഴിഞ്ഞ മാസം ആപ്പിൾ ചൈനയുടെ ആപ്പ് സ്റ്റോറിൽ നിന്ന് 4,500 ഗെയിമുകളും നീക്കം ചെയ്തിരുന്നു. സെൻസർ ടവറിൽ നിന്നുള്ള കണക്കുകൾ പ്രകാരം ആപ്പിളിന്‍റെ ഏറ്റവും വലിയ ആപ്പ് സ്റ്റോർ വിപണിയാണ് ചൈന. പ്രതിവർഷം 16.4 ബില്യൺ ഡോളർ വിൽപ്പനയാണുള്ളത്. യുഎസിൽ ഇത് പ്രതിവർഷം 15.4 ബില്യൺ ഡോളറാണ്.