ഇന്ത്യൻ വ്യോമസേന സ്വന്തമാക്കുന്ന ആദ്യ അപ്പാഷെ ഗാർഡിയൻ ഹെലികോപ്ടർ ബോയിങ് എഎച്ഇ അരിസോണയിൽ ഔദ്യോഗികമായി കൈമാറി. സേനയെ പ്രതിനിധീകരിച്ച് എയർ മാർഷൽ എ എസ് ബട്ടോല ഹെലികോപ്ടർ ഏറ്റുവാങ്ങി.
ലോകത്തെ തന്നെ ഏറ്റവും മികച്ച ടാങ്ക് വേട്ടക്കാരനാണ് അപ്പാഷെ ഹെലികോപ്ടർ. ഏത് പ്രതികൂല കാലവസ്ഥയിലും, കരയിലും കടലിലും വായുവിലുമുള്ള ശത്രുക്കളുടെ സാന്നിധ്യം മനസിലാക്കാന്‍ കഴിയുന്ന അത്യാധുനിക റാഡാർ സംവിധാനം അപ്പാഷെയെ മികച്ചതാക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച മൾട്ടി റോൾ ഹെവി അറ്റാക്ക് ഹെലികോപ്റ്റര്‍ ആണ് അപ്പാഷെ. നൂറിലധികം ചലിക്കുന്ന ലക്ഷ്യങ്ങളെ ഒരേസമയം ട്രാക്കുചെയ്യാനും അതിൽ 16 എണ്ണത്തെ വരെ ഒരേ സമയം ആക്രമിക്കാനുള്ള ശേഷിയും ഇതിനുണ്ട്.
1986 മുതല്‍ അമേരിക്കന്‍ സേനയുടെ ഭാഗമായ അപ്പാഷെയ്ക്ക് പതിനാറ് ഹെൽഫയർ ടാങ്ക് വേധ മിസൈലുകളും 76 റോക്കറ്റുകളും വഹിക്കാനുള്ള ശേഷിയുണ്ട്. കരയിലൂടെ വായുവിലൂടെയും നീങ്ങുന്ന ശത്രു ശ്രേണിയെയും കവചിത വാഹനങ്ങളെയും ആക്രമിക്കാൻ ഫലപ്രദമായ ലൈറ്റ് മെഷീൻ ഗൺ ഇതിൽ സ്ഥാപിതമാണ്. 1200 തവണ നിറയൊഴിക്കാവുന്ന 30 മില്ലിമീറ്റർ ലൈറ്റ് മെഷീൻ ഗണും ലേസർ ഗൈഡഡ് മിസൈലുകളും 70 എംഎം റോക്കറ്റുകളും വിഷ്വൽ റേഞ്ചിന് അപ്പുറത്തെ ശത്രുക്കൾക്ക് നേരെ മിസൈൽ തൊടുക്കാനുള്ള ശേഷിയും അപ്പാഷെയുടെ മാത്രം പ്രത്യേകതയാണ്.
വീണ്ടും ഇന്ധനം നിറയ്‌ക്കാതെ 611 കിലോമീറ്റർ വരെ പറക്കാനുള്ള കഴിവ് അപ്പാഷെയെ ഒന്നാം സ്ഥാനത്തേക്ക് റാങ്ക് ചെയ്യുന്നു. പരമാവധി വേഗം മണിക്കൂറിൽ 279 കിലോമീറ്റര്‍ ആണ്. 2015 സെപ്റ്റംബറിലാണ് ഐഎഎഫ് യുഎസ് സർക്കാരുമായി 22 അപ്പാഷെ ഹെലികോപ്ടറിനായി കരാർ ഒപ്പിടുന്നത്. ആദ്യ ബാച്ച് ഹെലികോപ്ടറുകൾ ജൂലൈയോടെ ഇന്ത്യയിൽ എത്തിക്കും.