ആലപ്പുഴ: കൊവിഡ് കെയർ സെന്‍ററുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ആലപ്പുഴ നഗരസഭയുടെ സാമ്പത്തിക പ്രശ്‌നം പരിഹരിക്കാൻ അടിയന്തര നടപടി കൈക്കൊള്ളുമെന്ന് ജില്ലാ കലക്ടർ എ.അലക്‌സാണ്ടർ അറിയിച്ചു. നഗരസഭ ഭരണസമിതി അംഗങ്ങളും കലക്ടറും നടത്തിയ ചർച്ചയിലാണ് തീരുമാനം. കൊവിഡ് കെയർ സെന്‍ററുകളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ടും വാഹനങ്ങളുടെ അപര്യാപ്തതയുമുണ്ടെന്നാണ് നഗരസഭ അറിയിച്ചത്. ഭക്ഷണ വിതരണത്തിന് കൂടുതൽ വാഹനം വേണമെന്നും തനത് ഫണ്ടിൽ നിന്ന് അനുവദിച്ചതിലുമേറെ തുക ചെലവിടേണ്ടി വന്ന സാഹചര്യത്തിൽ സാമ്പത്തിക സഹായം നൽകണമെന്നും നഗരസഭാധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോന്‍റെ നേതൃത്വത്തിലുള്ള സംഘം കലക്ടറെ അറിയിച്ചു.
നഗരസഭയുടെ ആവശ്യങ്ങൾ അടിയന്തരമായി പരിഗണിച്ച് പരിഹരിക്കുമെന്ന് കലക്ടർ ഉറപ്പ് നൽകി. സർക്കാരിന് നൽകുന്നതിന് റിപ്പോർട്ട് തയ്യാറാക്കാൻ ബന്ധപ്പെട്ടവർക്ക് കലക്ടര്‍ നിർദേശം നൽകി. എല്ലാ ആഴ്ചയും നഗരസഭ അധികൃതരുമായി ആശയവിനിമയം നടത്തുമെന്നും കലക്ടർ എ.അലക്‌സാണ്ടർ വ്യക്തമാക്കി. എഡിഎം ജെ.മോബി, ഡെപ്യൂട്ടി കലക്ടർ ആശ.സി.എബ്രഹാം, നഗരസഭ വൈസ് ചെയർപേഴ്‌സൺ ജ്യോതിമോൾ.സി, മുൻ ചെയർമാൻ തോമസ് ജോസഫ്, സ്റ്റാന്‍റിങ് കമ്മിറ്റി അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.