ലോകസഭാ തെരഞ്ഞെടുപ്പിന് ഡൽഹിയിൽ കോണ്‍ഗ്രസുമായി യാതൊരുവിധ സഖ്യവും ഉണ്ടാകില്ലെന്ന് വ്യക്തമാക്കി അരവിന്ദ് കെജ്രിവാളിന്‍റെ ആംആദ്മി പാർട്ടി. സംസ്ഥാനത്തെ ഏഴ് മണ്ഡലങ്ങളിൽ ആറിടത്തും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കും മുമ്പ് തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ് ആംആദ്മി പാർട്ടി. കോണ്‍ഗ്രസുമായി മഹാസഖ്യത്തിൽ ആംആദ്മിയും ഉണ്ടാകുമെന്ന റിപ്പോർട്ടുകളെയെല്ലാം തള്ളിയാണ് ആംആദ്മിയുടെ പ്രഖ്യാപനം. വെസ്റ്റ് ഡൽഹി മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ മാത്രമാണ് ഇനി പ്രഖ്യാപിക്കാൻ അവശേഷിക്കുന്നത്. ഇതിനായുളള ചർച്ചകള്‍ പുരോഗമിക്കുകയാണെന്നും മുതിർന്ന പാർട്ടി നേതാവ് ഗോപാൽ റായി വ്യക്തമാക്കി. ബിജെപിയെ നേരിടാൻ കോണ്‍ഗ്രസുമായി സഖ്യത്തിലേർപ്പെടാത്തതിന്‍റെ കാരണമെന്തെന്ന ചോദ്യത്തിന് കോണ്‍ഗ്രസ് നിലപാടാണെന്നായിരുന്നു ഗോപാൽ റായിയുടെ മറുപടി .
തങ്ങള്‍ക്ക് സഖ്യത്തിന് താത്പര്യമുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. ഡൽഹി അധ്യക്ഷ ക്ഷീല ദീക്ഷിത് സഖ്യമില്ലെന്ന് ഉറപ്പിച്ച് പറഞ്ഞപ്പോള്‍ രാഹുൽ ഗാന്ധിയും സഖ്യം സാധ്യമല്ലെന്ന നിലപാടെടുത്തെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴച്ച നടന്ന പൊതുയോഗത്തിൽ ആംആദ്മി പാർട്ടി- കോണ്‍ഗ്രസ് സഖ്യത്തിനായി ശ്രമിച്ച് ക്ഷീണിച്ചെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു. തൊട്ടടുത്ത ദിവസം മറുപടിയുമായി എത്തിയ ക്ഷീല ദീക്ഷിത് സഖ്യത്തിനായി എപ്പോഴാണ് ആംആദ്മി പാർട്ടി എത്തിയതെന്നും , അരവിന്ദ് കെജ്രിവാളിന് സഖ്യം വേണമെങ്കിൽ തന്നോട് നേരിട്ട് സംസാരിക്കണമെന്നും വ്യക്തമാക്കിയിരുന്നു.