ഹൈദരാബാദ്: തെലങ്കാന ബിജെപി എംഎല്‍എ രാജസിങിന്റെ അഞ്ച് ജോലിക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ഡ്രൈവര്‍മാര്‍ക്കും മൂന്ന് ഗണ്‍മാന്‍മാര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ മറ്റ് അഞ്ച് ജീവനക്കാരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. കൊവിഡ് പരിശോധന ഫലം 48 മണിക്കൂറിനുള്ളില്‍ വരുമെന്നാണ് തെലങ്കാന സര്‍ക്കാര്‍ അവകാശപ്പെടുന്നതെന്നും എന്നാല്‍ അഞ്ച് ദിവസം പിന്നിട്ടിട്ടും തന്റെ മറ്റ് അഞ്ച് ജീവനക്കാരുടെ പരിശോധന ഫലം ഇനിയും ലഭിച്ചിട്ടില്ലെന്നും രാജസിങ് എംഎല്‍എ കുറ്റപ്പെടുത്തി.
പൊലീസ് ഉദ്യോഗസ്ഥരോ ഗണ്‍മാന്‍മാരോ കൊവിഡ് പരിശോധനക്ക് വിധേയരായാല്‍ 48 മണിക്കൂറിനുള്ളില്‍ അവരുടെ പരിശോധന ഫലം പുറത്തുവിടണമെന്നും അല്ലാത്തപക്ഷം മറ്റുള്ളവരിലേക്കും അവരുടെ കുടുംബാഗങ്ങളിലേക്കും രോഗം പടരാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലുള്ള എംപിമാർ, എംഎൽഎമാർ, എംഎൽസിമാര്‍ എന്നീ ജനപ്രതിനിധികള്‍ കൊവിഡ് പരിശോധനക്ക് ഉടന്‍ വിധേയമാകണമെന്നും ഫലം നെഗറ്റീവാണെന്ന് വരുന്നത് വരെ കുടുംബങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും അകലം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗണ്‍മാന്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊവിഡ് പരിശോധനക്ക് വിധേയനായ എംഎല്‍എ രാജസിങിന്റെ പരിശോധന ഫലം നെഗറ്റീവാണ്.