ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹിപ്നോട്ടിസം ചെയ്ത് സ്വര്‍ണ്ണവും പണവും മോഷണം നടത്തിയിരുന്ന മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലഖ്വീന്ദര്‍ സിങ് ഇയാളുടെ കൂട്ടാളികളായ സോനു കുമാര്‍, സണ്ണി എന്നിവരാണ് അറസ്റ്റിലായത്. ചത്തര്‍പൂരില്‍ താമസിക്കുന്ന വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കള്‍ പിടിയിലായത്.
ചത്തര്‍പൂര്‍ സ്വദേശിയുടെ എഴുപത് വയസുകാരിയായ അമ്മയെ ഹിപ്നോട്ടിസം ചെയ്ത് മയക്കി പണവും അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണവും കവര്‍ന്നുവെന്നായിരുന്നു പരാതി. ജൂണ്‍ രണ്ടിനും പ്രതി ലഖ്വീന്ദര്‍ സിങ് സമാനമായ രീതിയില്‍ മറ്റൊരു കവര്‍ച്ചയും നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ രാജ്പൂര്‍ ഖുര്‍ദിലെ ഒരു ഫ്ളാറ്റില്‍ എത്തി പൊലീസുകാരനാണെന്ന് സ്വയം പരിചയപ്പെടുത്തി ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തെന്ന് ധരിപ്പിച്ച് കവര്‍ച്ച നടത്തുകയായിരുന്നു.
ലഖ്വീന്ദറിനൊപ്പം പൊലീസ് സ്റ്റേഷനിലേക്ക് പോയ സ്ത്രീയെ വഴിയില്‍ ഉപേക്ഷിച്ച് ഫ്ളാറ്റില്‍ തിരിച്ചെത്തി ലഖ്വീന്ദര്‍ സ്ത്രീയുടെ കുട്ടികളെ ഹിപ്നോട്ടൈസ് ചെയ്ത് പണവും ആഭരണവും കവരുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ലഖ്വീന്ദറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൂട്ടാളികളാണ് കവര്‍ന്ന സ്വര്‍ണ്ണം വില്‍ക്കാന്‍ ലഖ്വീന്ദറിനെ സഹായിക്കുന്നതെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ അതുല്‍ കുമാര്‍ താക്കൂര്‍ പറഞ്ഞു. ഇത്തരത്തില്‍ 25 ഓളം സംഭവങ്ങള്‍ ഡല്‍ഹിയില്‍ മാത്രം നടന്നിട്ടുണ്ട്. മൂന്ന് കാറുകൾ, ഒരു ബൈക്ക്, കുറച്ച് സ്വർണ്ണാഭരണങ്ങൾ, 30000 രൂപ, വ്യാജ പൊലീസ് ഐഡികൾ എന്നിവ പ്രതികളില്‍ നിന്നും കണ്ടെടുത്തു.