മെക്സിക്കോ: മെക്സിക്കോയിൽ മയക്കുമരുന്ന് പുനരധിവാസ കേന്ദ്രത്തിന് നേരെ വെടിവയ്പ്പ്. സംഭവത്തിൽ 24 പേർ മരിച്ചു. ഏഴ് പേർക്ക് ഗുരുതര പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇറാപ്പുവാറ്റോ നഗരത്തിലാണ് ആക്രമണം നടന്നതെന്ന് ഗ്വാനജുവാറ്റോ പൊലീസ് പറഞ്ഞു. പുനരധിവാസ കേന്ദ്രത്തിലേക്ക് അക്രമികൾ കടന്നുവരികയും എല്ലാവരെയും വെടിവെക്കുകയുമായിരുന്നു. സംഭവത്തിൽ ആരെയും തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ടുകളില്ല എന്ന് പൊലീസ് പറഞ്ഞു. ടർഫ് യുദ്ധത്തിന്റെ രംഗമാണ് ഗ്വാനജുവാറ്റോയിൽ കണ്ടതെന്നും മെക്സിക്കോയിലെ ഏറ്റവും കൂടുതൽ ആക്രമണം നടക്കുന്ന സഥലമായി ഇറാപ്പുവാറ്റോ നഗരം മാറിയെന്നും പൊലീസ് പറഞ്ഞു.
ഇറാപ്പുവാറ്റോ സംഭവത്തിൽ ദുഖമുള്ളതായി ഗവർണർ പറഞ്ഞു. സംഘടിത കുറ്റകൃത്യങ്ങൾ ചെറുപ്പക്കാരുടെ ജീവനെടുക്കുക മാത്രമല്ല കുടുംബങ്ങളുടെ സമാധാനം തകർക്കുകയും ചെയ്യുന്നതായി ഗവർണർ പറഞ്ഞു.
മയക്കുമരുന്ന് ഡീലർമാരെ മെക്സിക്കൻ മയക്കുമരുന്ന് സംഘങ്ങൾ സമാനരീതിയിൽ കൊന്നിട്ടുണ്ട്. ചിഹുവാഹുവ നഗരത്തിൽ 2010 ൽ 19 പേർ കൊല്ലപ്പെട്ടതിനുശേഷം നടക്കുന്ന ഭീകരമായ ആക്രമണമാണിത്. ആക്രമണം നേരിടുന്ന ഡീലർമാർ പുനരധിവാസ കേന്ദ്രങ്ങളിൽ അഭയം തേടാറുമുണ്ട്. ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.