ഗുവാഹത്തി: സംസ്ഥാനത്ത് പുതുതായി 140 പേര്‍ക്ക് കൂടി കൊവിഡ്-19 കേസുകള്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 8547 ആയെന്ന് ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞു. പുതുതായി റിപ്പോര്‍ട്ട് ചെയ്തതില്‍ 122 എണ്ണം ഗുവാഹത്തിയില്‍ നിന്നാണ്. ജൂണ്‍ 28 മുതല്‍ 14 ദിവസത്തേക്ക് ഇവിടെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇപ്പോള്‍ സംസ്ഥാനത്ത് 2885 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 5647 പേര്‍ രോഗമുക്തി നേടി. 12 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
അസമില്‍ ചൊവ്വാഴ്ച 613 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് സംസ്ഥാനത്ത് ഇത്രയധികം പേര്‍ക്ക് ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നത്. ജൂണ്‍ 24 മുതലുള്ള കണക്കുകള്‍ പ്രകാരം 1362 പേര്‍ക്കാണ് ഗുവാഹത്തിയില്‍ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. ജൂൺ 28 മുതൽ കമ്രുപ് ജില്ലയിൽ സംസ്ഥാന സർക്കാർ 14 ദിവസത്തെ സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ജൂൺ 15 മുതൽ ഒരാഴ്ചയ്ക്കുള്ളിൽ 762 പോസിറ്റീവ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തതിനെ തുടർന്നാണ് നടപടി.
മുംബൈ, ഡല്‍ഹി നഗരങ്ങള്‍ പോലെ ഗുവാഹത്തിയും ഭയാനകമായ ഒരു സാഹചര്യത്തിലേക്ക് നീങ്ങുകയാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ആശങ്ക പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചിരുന്നതായി ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞു. ചൊവ്വാഴ്ച ന്യൂഡൽഹിയില്‍ ഗുവാഹത്തിയിലെ കൊവിഡ് വ്യാപന സ്ഥിതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഐസിഎംആർ ഡയറക്ടർ ജനറലും ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറിയുമായി ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. ശേഷം കൊവിഡ് പരിശോധനക്കായി കൂടുതൽ സൗകര്യങ്ങൾ ഏര്‍പ്പാടാക്കാന്‍ അമിത് ഷാ ശർമയോട് ആവശ്യപ്പെടുകയും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ ആളുകളെ ഉപദേശിക്കുകയും ചെയ്തു.
അതേസമയം ഗുവാഹത്തിയിലെ മഹേന്ദ്ര മോഹൻ ചൗധരി ആശുപത്രിയിൽ പതിമൂന്നാമത് കൊവിഡ് പരിശോധന ലബോറട്ടറി ശർമ ഉദ്ഘാടനം ചെയ്തു. പരിശോധനക്കായുള്ള സൗകര്യങ്ങള്‍ ഇനിയും മെച്ചപ്പെടുത്തുമെന്നും ശര്‍മ പറഞ്ഞു. ഇതുവരെ അസമില്‍ 4,12,214 സാമ്പിളുകള്‍ പരിശോധിച്ചു. പരിശോധനയുടെ കണക്കുകളെടുക്കുമ്പോള്‍ തമിഴ്‌നാടിനും ആന്ധ്രക്കും ശേഷം രാജ്യത്ത് മൂന്നാമതാണ് അസം.