തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 108 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഒമ്പത് പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള നാല് പേര്‍ക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള മൂന്ന് പേര്‍ക്ക് വീതവും കോട്ടയം ജില്ലയില്‍ നിന്നുള്ള രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതില്‍ 64 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.- 28, കുവൈറ്റ്-14, തജിക്കിസ്ഥാന്‍-13, സൗദി അറേബ്യ-4, നൈജീരിയ-3, ഒമാന്‍-1, അയര്‍ലന്‍ഡ് -1) 34 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-15, ഡല്‍ഹി-8, തമിഴ്നാട്-5, ഗുജറാത്ത്-4, മധ്യപ്രദേശ്-1, ആന്ധ്രാപ്രദേശ് -1) വന്നതാണ്. സമ്പര്‍ക്കത്തിലൂടെ 10 പേര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ ഏഴ് പേര്‍ക്കും മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ക്കും തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്.
അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 50 പേര് രോഗമുക്തി നേടി. പാലക്കാട് ജില്ലയില്‍ നിന്നുള്ള 30 പേരുടെയും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഏഴ് പേരുടെയും (6 എയര്‍ ഇന്ത്യ ജീവനക്കാര്‍), എറണാകുളം ജില്ലയില്‍ നിന്നുള്ള ആറ് പേരുടെയും (രണ്ട് കൊല്ലം സ്വദേശികള്‍), കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള അഞ്ച് പേരുടെയും ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെയും പരിശോധനാഫലമാണ് നെഗറ്റീവായത്.
ആകെ 1029 പേരാണ് രോഗം സ്ഥിരീകരിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 762 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,83,097 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 1,81,482 പേര് വീടുകളിലും 1615 പേര് ആശുപത്രികളിലുമാണ്. 284 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
24 മണിക്കൂറിനിടെ 3903 സാമ്പിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്. ഇതുവരെ 81,517 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 77,517 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇന്ന് പുതുതായി 10 സ്ഥലങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 138 ആയി. പാലക്കാട് ജില്ലയിലെ പുതുപരിയാരം, കണ്ണാടി, വണ്ടാഴി, വടക്കാഞ്ചേരി, പൂക്കോട്ടുകാവ്, തെങ്കര, പിരായിരി, കൊല്ലങ്കോട്, കൊല്ലം ജില്ലയിലെ നീണ്ടകര, കോഴിക്കോട് ജില്ലയിലെ ഒളവണ്ണ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.