ന്യൂഡൽഹി: വികസനത്തിന് മനുഷ്യവിഭവം കേന്ദ്രീകരിക്കേണ്ടതിന്‍റെ പ്രാധാന്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനത്തിന്‍റെ മാനവിക കേന്ദ്രീകൃത വശങ്ങളിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കണം. ഇതിനായി ലോകം മുഴുവനും ഒന്നിച്ച് ഐക്യത്തോടെ പ്രവർത്തിക്കണം. കർണാടകയിൽ രാജീവ് ഗാന്ധി ആരോഗ്യ-ശാസ്ത്ര സർവകലാശാലയുടെ 25-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് നടത്തിയ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആരോഗ്യ പരിരക്ഷ, ആരോഗ്യ വിദ്യാഭ്യാസം എന്നീ മേഖലകളിൽ നിരവധി സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. പ്രധാനമായും നാല് തൂണുകളിലാണ് ഇവ നിലകൊള്ളുന്നത്. ഒന്നാമത്തേത്, പ്രതിരോധത്തിലൂന്നിയ ആരോഗ്യസംരക്ഷണമാണ്. ഇതിൽ യോഗ, ആയുർവേദം, ജനറൽ ഫിറ്റ്നസ് എന്നിവ ഉൾപ്പെടുന്നു. ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിന് 40,000 ത്തിലധികം വെൽനസ് സെന്‍ററുകൾ തുറന്നു. പ്രതിരോധ ആരോഗ്യ സംരക്ഷണത്തിന്‍റെ മറ്റൊരു ഭാഗമാണ് സ്വച്ഛ് ഭാരത് മിഷന്‍റെ വിജയം. രണ്ടാമത്തേത് ഏതൊരാൾക്കും താങ്ങാവുന്ന ആരോഗ്യസംരക്ഷണ പദ്ധതിയായ ആയുഷ്മാൻ ഭാരത് ആണ്. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതി ഇന്ത്യയുടെതാണ്. രണ്ട് വർഷത്തിനാൽ ഒരു കോടി ആളുകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചു. ഗ്രാമങ്ങളിൽ താമസിക്കുന്ന സ്ത്രീകളാണ് ഈ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ. വിതരണ മേഖലയിലെ മെച്ചപ്പെടലുകളാണ് മൂന്നാമത്തേതെന്നും മോദി പറഞ്ഞു.
നമ്മുടെ രാജ്യത്തിന് തീർത്തും പക്വമായ ആരോഗ്യ സംവിധാനങ്ങൾ ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. രാജ്യത്തെ എല്ലാ ജില്ലകളിലും ഒരു മെഡിക്കൽ കോളജ് അല്ലെങ്കിൽ ബിരുദാനന്തര ബിരുദ മെഡിക്കൽ സ്ഥാപനങ്ങൾ ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. എയിംസിന്‍റെ 22 സ്ഥാപനങ്ങൾ കൂടി സജ്ജമാക്കും. ഇതിനോടകം തന്നെ 30,000 എംബിബിഎസ് സീറ്റുകളും 15,000 ബിരുദാനന്തര ബിരുദ സീറ്റുകളും വർധിപ്പിക്കാൻ സാധിച്ചു. സ്വാതന്ത്ര്യാനന്തരം വന്ന സർക്കാരുകളുടെതിൽ വച്ച് വലിയ വിജയമാണിത്. തികച്ചും നിർണായകമായ മിഷൻ മോഡ് നടപ്പിലാക്കുക എന്നതാണ് നാലാമത്തെ സ്തംഭമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.