തിരുവനന്തപുരം: സംസ്ഥാനത്ത് 32 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍. ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്തെ മൂന്ന് പേര്‍ക്കും പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഓരോരുത്തര്‍ക്ക് വീതവുമാണ് രോഗബാധ. ഇതില്‍ നാല് പേര്‍ വിദേശത്ത് നിന്നും ഒരാൾ ചെന്നൈയില്‍ നിന്നുമെത്തിയവരാണ്. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് വയസുകാരനും ഉൾപ്പെടുന്നു. മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാൾ ഗര്‍ഭിണിയാണ്. ചികിത്സയിലുള്ള 23 പേര്‍ക്കും കേരളത്തിന് പുറത്തുനിന്നുമാണ് രോഗം ബാധിച്ചതെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതുവരെ സംസ്ഥാനത്ത് 524 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. നിലവില്‍ 31,616 പേരാണ് നിരീക്ഷണത്തിലുള്ളത്. 31,143 പേര്‍ വീടുകളിലും 473 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 95 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊവിഡ് പ്രതിരോധത്തിന്‍റെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. കൂടുതല്‍ പേരെത്തുമ്പോൾ സുരക്ഷയൊരുക്കുന്നത് വെല്ലുവിളിയാണ്. സമൂഹവ്യാപനമെന്ന ഭീഷണിയെ അകറ്റിനിര്‍ത്തുകയാണ് ലക്ഷ്യം. രോഗം ബാധിച്ചവരില്‍ 70 ശതമാനം പേരും കേരളത്തിന് പുറത്തുനിന്നുമെത്തിയവരാണ്. രോഗവ്യാപന നിരക്ക് ഒരു ശതമാനത്തിലും താഴെയാണ്. ബ്രേക്ക് ദ ചെയിന്‍ കാമ്പയിനും റിവേഴ്‌സ് ക്വാറന്‍റൈനുമെല്ലാം മരണനിരക്ക് കുറയാന്‍ കാരണമായി. രോഗവ്യാപനം തടയാനുള്ള കര്‍ശനനിയന്ത്രണങ്ങൾ തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രവാസികൾക്ക് വിദേശത്ത് ആന്‍റിബോഡി പരിശോധന നടത്തണമെന്ന് കേന്ദ്രത്തോടാവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലേക്കെത്തുന്നവരില്‍ വൈദ്യപരിശോധനയ്‌ക്ക് ശേഷം രോഗലക്ഷണമില്ലാത്തവര്‍ 14 ദിവസത്തെ ഹോം ക്വാറന്‍റൈനില്‍ പ്രവേശിക്കണം. ഹോം ക്വാറന്‍റൈന്‍ ഉറപ്പാക്കാന്‍ പൊലീസ് ഇടപെടും. സ്‌പെഷ്യല്‍ ട്രെയിനുകളില്‍ എത്തുന്നവര്‍ക്ക് റെയില്‍വെ സ്റ്റേഷനുകളില്‍ കര്‍ശന പരിശോധന നടത്തും. പാസില്ലാതെ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്‌തവര്‍ക്ക് ഇനിയും പാസിന് വേണ്ടി അപേക്ഷിക്കാം. ഇതര സംസ്ഥാനങ്ങളില്‍ നിന്നും റോഡുമാര്‍ഗം ഇതുവരെ 33,000 പേര്‍ സംസ്ഥാനത്തെത്തി. 19,000 പേരും റെഡ് സോണ്‍ ജില്ലകളില്‍ നിന്നാണ് എത്തിയത്. 1.33 ലക്ഷം പേരാണ് പാസിന് അപേക്ഷിച്ചത്. ഇതില്‍ 72,800 പേര്‍ റെഡ് സോണില്‍ നിന്നാണ്. മെയ് ഏഴ് മുതല്‍ വിദേശത്ത് നിന്നുമെത്തിയ ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആ വിമാനങ്ങളില്‍ യാത്ര ചെയ്‌ത എല്ലാവരെയും പ്രത്യേക നിരീക്ഷണത്തിലാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.