തിരുവനന്തപുരം: കരിപ്പൂരിൽ വിമാനാപകടം നടന്ന സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രിയും മന്ത്രിമാരും കൊവിഡ് നിരീക്ഷണത്തിൽ. മലപ്പുറം ജില്ലാ കലക്ടർക്കും എസ്.പിക്കും രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പോയത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി.എസ് സുനിൽകുമാർ, എ.സി മൊയ്തീൻ, കെ.കെ ശൈലജ, ഇ.പി ജയരാജൻ, എ.കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ.ടി ജലീൽ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, ഡി.ജി.പി ലോക്നാഥ് ബഹ്റ തുടങ്ങയവരാണ് നിരീക്ഷണത്തിൽ പോയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രിക്കൊപ്പം കരിപ്പൂർ സന്ദർശിച്ചിരുന്നെങ്കിലും രോഗബാധിതരുമായി സമ്പർക്കമില്ലാത്തതിനാൽ നിരീക്ഷണത്തിൽ പോവില്ലെന്ന് രാജ്ഭവൻ അറിയിച്ചു.
അതേ സമയം, തന്റെയും കുടുംബാംഗങ്ങളുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും കൊവിഡ് മാർഗനിർദേശത്തിന്റെ ഭാഗമായാണ് നിരീക്ഷണത്തിൽ പോവുന്നതെന്ന് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. കലക്ടർ, എസ്.പി എന്നിവരടക്കം 22 ഉദ്യോഗസ്ഥർക്കാണ് മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി നിരീക്ഷണത്തിൽ പോയതിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മുഖ്യമന്ത്രിക്കു പകരം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പതാകയുയർത്തും.