ന്യൂഡൽഹി: സൈകോവ്-ഡി കൊവിഡ് വാക്‌സിന്‍റെ വ്യാവസായികാടിസ്ഥാനത്തിലുള്ള വിൽപന സെപ്റ്റംബർ പകുതിയോടെ ആരംഭിക്കുമെന്ന് സൈഡസ് കാഡില. കൗമാരപ്രായക്കാരിൽ ഡെൽറ്റ വകഭേദത്തിനെതിരെ സൈകോവ്-ഡി വാക്സിൻ 66 ശതമാനം ഫലപ്രദമാണെന്നും ആന്‍റിബോഡിയുടെ അളവ് കൂടുതലാണെന്നും സൈഡസിന്‍റെ മാനേജിങ് ഡയറക്ടർ ശർവിൽ പട്ടേൽ പറഞ്ഞു.
50ലധികം കേന്ദ്രങ്ങളിലായി 28,000 സന്നദ്ധപ്രവർത്തകരാണ് വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്തത്. ശാസ്ത്രീയ ഗവേഷണത്തിനും സൂക്ഷ്മപരിശോധനയ്ക്കുമായി ഒന്നും രണ്ടും ഘട്ട പരീക്ഷണഫലങ്ങൾ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മൂന്നാം ഘട്ട പരീക്ഷണത്തിന്‍റെ ഫലങ്ങൾക്ക് 2 മുതൽ 3 മാസം വരെ കാലതാമസമുള്ളതായും അദ്ദേഹം പറഞ്ഞു.
Also Read:കുട്ടികൾക്കുള്ള കൊവിഡ് വാക്സിനേഷൻ ഉടൻ ആരംഭിക്കും; മൻസുഖ് മാണ്ടവ്യ
ഡെൽറ്റ, ഡെൽറ്റ പ്ലസ് വകഭേദങ്ങൾക്കെതിരെ കമ്പനി പരീക്ഷണം നടത്തിയതായും പരീക്ഷണഘട്ടങ്ങളിൽ ഒരു തരത്തിലുമുള്ള വിപരീത ഫലങ്ങളുമുണ്ടായില്ലെന്നും ശർവീൺ പറഞ്ഞു. അടുത്ത ആഴ്ചയോടെ മാത്രമേ വാക്സിൻ വിലയെ സംബന്ധിച്ച് വ്യക്തത ഉണ്ടാവുകയുള്ളു. ഒക്ടോബർ മാസം മുതൽ ഓരോ മാസവും ഒരു കോടി വാക്സിൻ ഉൽപ്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഡിഎൻഎ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച ലോകത്തിലെ ആദ്യത്തെ വാക്സിൻ ആണ് സൈഡസ് കാഡിലയുടെ സൈകോവ്-ഡി.