ന്യൂഡൽഹി : ശ്രദ്ധ വാക്കർ വധക്കേസില്‍ നിർണായകമായി, സൊമാറ്റോയിൽ ഭക്ഷണം ഓർഡർ ചെയ്‌തതിന്‍റെ തെളിവുകളും. പ്രതിയായ അഫ്‌താബ് പൂനവാലയുടെ ഇന്‍റർനെറ്റ് ഹിസ്റ്ററി വിശദാംശങ്ങൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായി വിവിധ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് അന്വേഷണസംഘത്തിന് ലഭിച്ചുവരുന്നത് സുപ്രധാന വിവരങ്ങളാണ്. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ഗൂഗിൾ, ഗൂഗിൾ പേ, പേടിഎം (Paytm) മുതലായ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നിര്‍ണായക തെളിവുകളാണ് പൊലീസിന് ലഭ്യമാവുന്നത്.
നിർണായകമായി സൊമാറ്റോ ഓർഡർ : പേടിഎം, അന്വേഷണസംഘത്തിന് നൽകിയ പ്രതികരണത്തിൽ, സൊമാറ്റോ വഴി രണ്ട് പേർക്കുള്ള ഭക്ഷണം ഓർഡർ ചെയ്‌തിരുന്ന അഫ്‌താബ് മെയ് മാസത്തിന് ശേഷം ഒരാൾക്കുള്ളത് മാത്രമേ ഓർഡർ ചെയ്‌തിട്ടുള്ളൂവെന്ന് വ്യക്തമായിട്ടുണ്ട്. പൊടുന്നനെ ഒരാള്‍ക്ക് മാത്രമായി ഭക്ഷണം ഓര്‍ഡര്‍ ചെയ്തുതുടങ്ങിയെന്നത് കേസില്‍ പൊലീസിന് അവതരിപ്പിക്കാവുന്ന പുതിയ തെളിവാണ്. അതേസമയം മൂന്ന് വർഷം മുമ്പ് അഫ്‌താബും ശ്രദ്ധയും പരിചയപ്പെട്ട ഡേറ്റിങ് ആപ്പിൽ നിന്നും പൊലീസ് വിശദാംശങ്ങൾ തേടിയിട്ടുണ്ട്.
കൊലപാതകം കൃത്യമായ പ്ലാനോടെ : ലിവിങ് ടുഗെതർ പങ്കാളിയായ അഫ്‌താബുമായി പൊരുത്തപ്പെട്ട് പോകാനാകില്ലെന്ന് കണ്ട ശ്രദ്ധ ഇയാളുമായി വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം പെട്ടെന്നുണ്ടായ പ്രകോപനം മൂലമല്ല കൊലപാതകമെന്നും ഏറെ ചിന്തിച്ചും ആസൂത്രണം ചെയ്‌തുമാണ് അഫ്‌താബ് കൃത്യം നടത്തിയതെന്നും ഡൽഹി പൊലീസ് ശേഖരിച്ച സാഹചര്യത്തെളിവുകൾ ചൂണ്ടിക്കാട്ടുന്നു.
അഫ്‌താബും ശ്രദ്ധയും താമസിച്ചിരുന്ന ഫ്ലാറ്റിലെ കുളിമുറി, അടുക്കള, കിടപ്പുമുറി എന്നിവിടങ്ങളിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർ രക്തക്കറ കണ്ടെത്തിയിരുന്നു. ഇതിനുപുറമെ, ഡൽഹിയിൽ നിന്നും ഗുരുഗ്രാമിൽ നിന്നും താടിയെല്ലുൾപ്പടെ 13 എല്ലിൻ കഷണങ്ങളും പൊലീസ് കണ്ടെടുത്തു. ഇവ മനുഷ്യന്‍റേതാണോ എന്ന് സ്ഥിരീകരിക്കാൻ ഫോറൻസിക് വിദഗ്‌ധരിൽ നിന്നും സഹായം തേടിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
അന്വേഷണത്തിൽ കൂടുതൽ തെളിവുകൾ : കാട്ടിൽ നിന്നും അഫ്‌താബിന്‍റെ ഫ്ളാറ്റിൽ നിന്നും ചില ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഏത് ആയുധം ഉപയോഗിച്ചാണ് ശ്രദ്ധയെ കൊലപ്പെടുത്തിയതെന്ന് ഫോറൻസിക് റിപ്പോർട്ടിന് ശേഷമേ വ്യക്തമാകൂവെന്നും പൊലീസ് കൂട്ടിച്ചേർത്തു. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ചില വസ്‌ത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. കൊലപാതകം നടന്ന ദിവസം ശ്രദ്ധയും അഫ്‌താബും ധരിച്ച വസ്‌ത്രങ്ങളാണിവ എന്നാണ് പൊലീസ് നിഗമനം. ഇവയും ഫോറൻസിക് പരിശോധനയ്‌ക്കയച്ചു.
അഫ്‌താബിന് നേരെ ആക്രമണം : കൊലപാതകം നടന്ന ദിവസം അഫ്‌താബും ശ്രദ്ധയും ഫ്ലാറ്റിൽ ഉണ്ടായിരുന്നതായും തെളിവുകൾ സൂചിപ്പിക്കുന്നു. എന്നാൽ ശ്രദ്ധയുടെ മൊബൈൽ ഫോൺ വീണ്ടെടുക്കാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. അതേസമയം നുണപരിശോധനയ്‌ക്കായി ഫോറന്‍സിക്ക് സയന്‍സ് ലബോറട്ടറിയില്‍ എത്തിച്ചപ്പോൾ അഫ്‌താബ് സഞ്ചരിച്ചിരുന്ന പൊലീസ് വാഹനത്തിനുനേരെ ആയുധങ്ങളുമായി ഒരു സംഘം ആക്രമണം നടത്തി.
ഇന്നലെ (നവംബർ 28) വൈകുന്നേരം 6.45ഓടെയായിരുന്ന സംഭവം. സ്ഥലത്ത് നിന്നും അഫ്‌താബിനെ എത്തിച്ച വാഹനം ഉടന്‍ തന്നെ മാറ്റുകയായിരുന്നു. അക്രമികളെ അറസ്‌റ്റ് ചെയ്യുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്‌തുവെന്ന് പൊലീസ് അറിയിച്ചു.
2022 മെയ് 18ന് ഡല്‍ഹിയില്‍ വച്ചാണ് ശ്രദ്ധ വാക്കര്‍ കൊല്ലപ്പെട്ടത്. ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ അഫ്‌താബ് മൃതദേഹം 35 കഷണങ്ങളാക്കി ഫ്രിഡ്‌ജില്‍ മൂന്നാഴ്‌ചയോളം സൗത്ത് ഡല്‍ഹിയിലുള്ള വസതിയില്‍ സൂക്ഷിച്ചതിന് ശേഷം നഗരത്തിന്‍റെ വിവിധ ഇടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. നവംബര്‍ 12നാണ് അഫ്‌താബ് അറസ്‌റ്റിലാകുന്നത്.