മോഹന്‍ലാലിന്‍റേതായി Mohanlal അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നാണ് 'വൃഷഭ' Vrushabha. പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള പുതിയ വിവരമാണ് പുറത്തുവരുന്നത്.
'വൃഷഭ'യില്‍ ഗായിക സഹ്‌റ എസ് ഖാന്‍ ആണ് മോഹന്‍ലാലിന്‍റെ നായികയായി എത്തുന്നത് എന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ യോദ്ധാക്കളുടെ രാജകുമാരി ആയാണ് സഹ്‌റ എസ് ഖാന്‍ Zahrah S Khan എത്തുന്നത്. ഏറെ ആരാധക വലയമുള്ള ഒരു ഗായികയാണ് സഹ്‌റ എസ് ഖാന്‍.
ഏക്താ കപൂറിന്‍റെ ഉടമസ്ഥതയിലുള്ള ബാലാജി ടെലിഫിലിംസും എവിഎസ് സ്‌റ്റുഡിയോസും കണക്‌ട് മീഡിയയും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിക്കുക. നേരത്തെ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ട് ബോളിവുഡ് നിര്‍മാതാവും സംവിധായികയുമായ ഏക്ത കപൂർ Ektaa Kapoor സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
മോഹൻലാലിനൊപ്പമുള്ള തന്‍റെ ആദ്യ പാൻ ഇന്ത്യന്‍ ദ്വിഭാഷ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ ഇന്‍സ്‌റ്റഗ്രാമില്‍ എത്തിയതായിരുന്നു ഏക്ത കപൂര്‍. ഇതിഹാസത്തിനും ജീനിയസിനും ഒപ്പം പോസ് ചെയ്യുന്നു എന്ന അടിക്കുറിപ്പോടു കൂടി അച്ഛന്‍ ജിതേന്ദ്രയ്‌ക്കും മോഹന്‍ലാലിനും ഒപ്പമുള്ള ചിത്രവും ഏക്ത പങ്കുവച്ചിരുന്നു.
ഒപ്പം ഒരു കുറിപ്പും ഏക്ത കപൂറിന്‍റെതായി വന്നു. 'മികച്ച നടനോടൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ ഞാന്‍ വളരെ ആവേശത്തിലാണ്. മെഗാസ്‌റ്റാർ മോഹൻലാൽ അഭിനയിക്കുന്ന പാൻ ഇന്ത്യന്‍ ദ്വിഭാഷ തെലുഗു മലയാളം ചിത്രം 'വൃഷഭ'യ്‌ക്കായി കണക്റ്റ് മീഡിയ, എവിഎസ് സ്‌റ്റുഡിയോ എന്നിവരുമായി ബാലാജി ടെലിഫിലിംസ് സഹകരിക്കുന്നു. ഒരു ഇതിഹാസ ആക്ഷൻ എന്‍റർടെയ്‌നറാണ് 'വൃഷഭ'.
മലയാളത്തിലും തെലുഗുവിലുമായി ഒരേ സമയം ചിത്രീകരിക്കുന്ന 'വൃഷഭ' 2024ല്‍ പ്രദര്‍ശനത്തിനെത്തും. 2024ലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന ചിത്രം കൂടിയാണ് 'വൃഷഭ'. നന്ദ കിഷോർ ആണ് സിനിമയുടെ സംവിധാനം. ഈ മാസം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. മലയാളം, തെലുഗു, കന്നട, തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ ഒരേ സമയം ചിത്രം തിയേറ്ററുകളിലെത്തും' - ഇപ്രകാരമായിരുന്നു ഏക്ത കപൂര്‍ കുറിച്ചത്.
കന്നട സിനിമ സംവിധായകനാണ് നന്ദ കിഷോര്‍. ഇതുവരെ എട്ട് കന്നട ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്. നന്ദ കിഷോറിന്‍റെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണിത്.
ഒരു അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥയാണ് ആക്ഷന്‍ എന്‍റര്‍ടെയ്‌നറായി ഒരുങ്ങുന്ന ഈ ചിത്രം പറയുന്നതെന്നാണ് മോഹന്‍ലാല്‍ സിനിമയെ കുറിച്ച് മുമ്പൊരിക്കല്‍ പ്രതികരിച്ചത്. 'വൃഷഭ'യില്‍ മോഹന്‍ലാല്‍ പിതാവിന്‍റെ വേഷത്തിലാണ് എത്തുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ അച്ഛന്‍റെ വേഷത്തില്‍ എത്തുമ്പോള്‍ തെലുഗുവിലെ ഒരു മുന്‍നിര താരം മകന്‍റെ വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
താന്‍ തിരക്കഥ വായിച്ച ശേഷം ഈ ചിത്രം ചെയ്യാന്‍ തീരുമാനം എടുക്കുക ആയിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. 'ജീവിതകാലം മുഴുവന്‍ വ്യാപിക്കുന്ന ഒരു അച്ഛന്‍ മകന്‍ ബന്ധം കാണിക്കുന്ന ഹൈ എനര്‍ജി ഡ്രാമയാണ് 'വൃഷഭ'. സംവിധായകന്‍ നന്ദ കിഷോറിന്‍റെ കാഴ്‌ചപ്പാട് എന്നില്‍ മതിപ്പ് ഉളവാക്കി. 'വൃഷഭ'യ്‌ക്കായി എവിഎസ് സ്‌റ്റുഡിയോസുമായി സഹകരിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്' - ഇപ്രകാരമാണ് 'വൃഷഭ'യെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ 'വൃഷഭ' എഴുതുകയാണെന്ന് സംവിധായകന്‍ നന്ദകിഷോറും മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു. മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കുക എന്നത് ഒരു സ്വപ്‌ന സാക്ഷാത്‌കാരം ആണെന്നും നന്ദകിഷോര്‍ പറഞ്ഞു.
Also Read: 'ഇതിഹാസത്തിനും ജീനിയസിനും ഒപ്പം !' ; മോഹൻലാലിനൊപ്പമുള്ള ആദ്യ പാൻ ഇന്ത്യന്‍ സിനിമയുമായി ഏക്ത കപൂർ