ബെംഗളൂരു: കര്‍ണാടകയില്‍ ദിനംപ്രതി കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്ന ആളുകള്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കി മാതൃകയാവുകയാണ് യുവ ബ്രിഗേഡ് എന്ന സംഘടന. വീടുകളില്‍ ക്വാറന്‍റൈനില്‍ കഴിയുന്ന രോഗികള്‍ക്ക് ഇവരുടെ സഹായം വളരെ ആശ്വാസമായിരിക്കുകയാണ്. ഭക്ഷണം ആവശ്യമുള്ളവര്‍ ഇവരെ അറിയിച്ചാല്‍ സംഘടന അവര്‍ക്ക് ഭക്ഷണം എത്തിക്കും. സംരംഭത്തെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്നതിനായി യുവബ്രിഗേഡ് സംഘടനയുടെ സ്ഥാപകന്‍ ചക്രവർത്തി സുലിബെലെ ഒരു വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.
Also read....... കൈവിട്ട് കൊവിഡ്: കര്‍ണാടകയിലും രണ്ടാഴ്‌ച ലോക്ക്ഡൗൺ
16ഓളം വരുന്ന സംഘടന അംഗങ്ങൾ അവരുടെ ബൈക്കുകളിലെത്തിയാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. കൊവിഡ് ബാധിതരായ ആളുകള്‍ക്ക് വിശ്രമം ആവശ്യമാണ്. അതിനിടയില്‍ ഭക്ഷണം പാകം ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞെന്ന് വരില്ല. അതിനാലാണ് ഭക്ഷണം നല്‍കുന്നതെന്ന് ചക്രവർത്തി സുലിബെലെ പറയുന്നു. എല്ലാ സുരക്ഷാ മുന്‍കരുതലുകളും പാലിച്ചാണ് ഭക്ഷണം തയ്യാറാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ഹവേരി ഉൾപ്പെടെയുള്ള വടക്കൻ കർണാടകയിലെ ജില്ലകളിൽ രക്തദാന ക്യാമ്പുകൾ നടത്തുന്നതിലും സംഘടന സജീവമായി പങ്കാളികളാണ്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ നിന്നും നല്ല അഭിപ്രായമാണ് ഉയരുന്നത്.