ദുബായ്: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ യൂസഫലി എംഎ ഇനി മുതൽ അബുദാബി ചേംബർ ഡയറക്‌ടർ ബോർഡ് വൈസ് ചെയർമാൻ പദവി നിർവഹിക്കും. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ചേംബർ ഓഫ് കൊമേഴ്‌സ് ആന്‍റ് ഇൻഡസ്‌ട്രി ഡയറക്‌ടേഴ്‌സ് ബോർഡ് (എഡിസിസിഐ) പുനഃസംഘടിപ്പിച്ച് ഉത്തരവിറക്കിയത്. ഇതാദ്യമായണ് ഇന്ത്യൻ വംശജനായ ഒരു വ്യക്തി ഈ പദവിയിലെത്തുന്നത്.
ഇൻഡോ-യുഎഇ ബന്ധം വളർത്തുമെന്ന് യൂസഫലി
ഈ പദവിയിൽ തന്നെ നിയോഗിച്ചതിൽ താൻ അഭിമാനിക്കുന്നുവെന്ന് യൂസഫലി അറിയിച്ചു. അബുദാബിയുടെ സമ്പദ്‌വ്യവസ്ഥയുടെയും വ്യവസായ സമൂഹത്തിന്‍റെയും വളർച്ചയ്ക്കായി പ്രവർത്തിക്കുന്നതിനോടൊപ്പം തന്നെ ഇൻഡോ-യുഎഇ വ്യാപാര ബന്ധം ഉയർത്തുന്നതിനും പരമാവധി ശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷത്തെ അബുദാബി അവാർഡ് യൂസഫലിക്ക്
കൂടാതെ സാമ്പത്തിക വികസനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നി മേഖലകളിൽ അഞ്ച് ദശാബ്‌ദക്കാലം നൽകിയ സംഭാവനകൾക്ക് ഷെയ്ഖ് മുഹമ്മദ് യൂസഫലിയെ "അബുദാബി അവാർഡ് 2021" നൽകി ആദരിച്ചു. തന്നെ സംബന്ധിച്ചിടത്തോളം വളരെ അഭിമാനവും വൈകാരികവുമായ നിമിഷമാണിതെന്നും അബുദാബിയുടെ പരമോന്നത സിവിലിയൻ അവാർഡ് ലഭിച്ചതിൽ ഏറെ സന്തുഷ്‌ടനാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യക്ക് അഭിമാന നിമിഷം
അബുദാബിയിൽ എല്ലാ ബിസിനസുകളുടെയും പരമോന്നത സർക്കാർ സ്ഥാപനമാണ് എഡിസിസിഐ. സർക്കാരിനെ ബിസിനസ് മേഖലയുമായി ബന്ധിപ്പിക്കുന്നത് എഡിസിസിഐയാണ്. അബുദാബിയിലെ വാണിജ്യ-വ്യവസായ രംഗത്ത് നിന്നുള്ളവരടങ്ങിയ 29 അംഗ കമ്മിറ്റിയിലെ ഏക ഇന്ത്യക്കാരനാണ് യൂസഫലി. അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ഇന്‍റർനാഷണലിന്‍റെ മാനേജിങ് ഡയറക്‌ടർ കൂടിയാണ് അദ്ദേഹം.
ALSO READ: ആഗോള റീട്ടെയിൽ കമ്പനികളുടെ പട്ടികയിൽ ഇടം നേടി ലുലു