ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് വിവേകാനന്ദ റെഡ്ഡി വധക്കേസിൽ കടപ്പ എംപിയും മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ബന്ധുവുമായ വൈഎസ് അവിനാഷ് റെഡ്ഡിയെ ഏപ്രിൽ 25 വരെ അറസ്റ്റ് ചെയ്യരുതെന്ന തെലങ്കാന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്‌ത് സുപ്രീം കോടതി. തെലങ്കാന ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ അക്ഷമ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പിഎസ് നരസിംഹല എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
കേസില്‍ തെലങ്കാന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്‌ത വിവേകാനന്ദ റെഡ്ഡിയുടെ മകള്‍ ഡോ. സുനിത റെഡ്ഡി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചതിന് ശേഷമാണ് സുപ്രീം കോടതിയുടെ ഉത്തരവ്. കേസില്‍ ഡോ. സുനിത നറെഡ്ഡിയ്‌ക്ക് വേണ്ടി അഭിഭാഷകന്‍ സിദ്ധാര്‍ഥ ലൂത്രയാണ് കോടതിയില്‍ ഹാജരായത്. 'ഇത് ഹീനമായ കൊലപാതകമാണെന്നും മൃതദേഹം രക്തത്തില്‍ കുളിച്ച് കിടന്നിട്ടും അദ്ദേഹം മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത് കൊലപാതകം വഴി തിരിച്ച് വിടാനുള്ള ശ്രമമാണെന്നും' അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
കേസില്‍ പങ്കുണ്ടെന്നാരോപിച്ച് അവിനാഷ് റെഡ്ഡിയുടെ പിതാവിനെയും ഉദയ് കുമാര്‍ റെഡ്ഡിയെന്ന മറ്റൊരാളെയും അടുത്തിടെ സിബിഐ അറസ്റ്റ് ചെയ്‌തിരുന്നു. രാഷ്‌ട്രീയ പ്രശ്‌നങ്ങള്‍ക്ക് പുറമെ ഈ കേസില്‍ മറ്റ് ചില ഘടകങ്ങള്‍ കൂടിയുണ്ട്. പ്രതികൾക്ക് മുൻകൂർ ചോദ്യങ്ങളുടെ പ്രിന്‍റ് കോപ്പി നൽകണമെന്ന് ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതി പ്രതികളെ വീട്ടിലെ അതിഥികളെ പോലെയാണ് പരിഗണിക്കുന്നതെന്നും അഭിഭാഷകന്‍ ആരോപിച്ചു.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അമ്മാവന്‍റെ മകനാണ് അവിനാഷ് റെഡ്ഡി. എന്നിട്ടും എന്തു കൊണ്ടാണ് അദ്ദേഹം ഹൈക്കോടതി ഉത്തരവിന്മേല്‍ എസ്‌എല്‍പി (Special leave petition) നല്‍കാത്തതെന്നും സിജെഐ ജസ്റ്റിസ് ചന്ദ്രചൂഡ് സിബിഐ അഭിഭാഷകനോട് ചോദിച്ചു. ഈ ചോദ്യത്തിന് മറുപടിയായി, സുനിത സമർപ്പിച്ച ഹര്‍ജി ഫയൽ ചെയ്യാൻ കുറച്ച് സമയമെടുക്കുമെന്ന് സിബിഐ അഭിഭാഷകന്‍ സുപ്രീം കോടതി ബെഞ്ചിനോട് പറഞ്ഞു.
രാഷ്‌ട്രീയ സംഘർഷം മൂലമാണ് കൊലപാതകം നടന്നതെന്നതിന് എല്ലാവിധ തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്ന് സിബിഐ അഭിഭാഷകൻ ബെഞ്ചിന്‍റെ ശ്രദ്ധയിൽപ്പെടുത്തി. നേരത്തെ കൊല്ലപ്പെട്ടയാൾ മത്സരിച്ച സീറ്റിൽ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അമ്മ മത്സരിച്ചത് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഈ കേസിൽ നിരവധി തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും സാങ്കേതിക സഹായത്തോടെ അന്വേഷണം നടത്തിവരികയാണെന്നും സിബിഐ അഭിഭാഷകൻ വ്യക്തമാക്കി.
കൊലപാതകത്തിന് ശേഷം പ്രതികള്‍ മൃതദേഹത്തിന്‍റെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തി. മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്നാണെന്ന് പിന്നീട് പ്രചരിപ്പിക്കുകയായിരുന്നു. കൊലപാതകത്തിന് മുമ്പ് പ്രതികള്‍ ഒരു സ്ഥലത്ത് ഒത്ത് കൂടുകയും അല്‍പ സമയത്തിനുള്ളില്‍ അവിടെ നിന്ന് പിരിഞ്ഞ് പോകുകയും ചെയ്‌തിട്ടുണ്ടെന്നതിന്‍റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും സിബിഐ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
കൊലപാതക സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സിഐയ്‌ക്ക് സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടര്‍ന്ന് ചോദ്യം ചെയ്യലിന് വിസമ്മതിച്ചു. എന്നാല്‍ ഇദ്ദേഹം മൊഴിയെടുക്കാന്‍ നേരത്തെ സമ്മതിച്ചിരുന്നതായും സിബിഐ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. കേസില്‍ ഈ മാസം 24ന് കൂടുതല്‍ വാദം കേള്‍ക്കും. അഭിഭാഷകരായ സിദ്ധാർഥ ലൂത്ര, സിബിഐ അഭിഭാഷകൻ, അവിനാഷ് റെഡ്ഡിയുടെ അഭിഭാഷകൻ രഞ്ജിത്ത് സൺസ് എന്നിവരുടെ വാദമാണ് സുപ്രീം കോടതി ബെഞ്ച് ഇതുവരെ കേട്ടത്. കേസുമായി ബന്ധപ്പെട്ട് അവിനാഷ് റെഡ്ഡിയ്‌ക്ക് കോടതി നോട്ടിസ് അയച്ചു.