പട്‌ന : തമിഴ്‌നാട്ടിൽ അതിഥി തൊഴിലാളികളെ ആക്രമിക്കുന്നതിന്‍റെ വ്യാജ വീഡിയോകൾ പങ്കുവെച്ച യൂട്യൂബർ മനീഷ് കശ്യപിനെ തമിഴ്‌നാട് പൊലീസ് ട്രാൻസിറ്റ് റിമാൻഡിൽ വാങ്ങി. ബിഹാർ പൊലീസ് അറസ്‌റ്റ് ചെയ്‌ത മനീഷിനെ ഇന്ന് തമിഴ്‌നാട് പൊലീസിന് കൈമാറുകയായിരുന്നു. പട്‌നയിലെ പ്രത്യേക കോടതിയാണ് ട്രാൻസിറ്റ് റിമാൻഡ് അനുവദിച്ചിരിക്കുന്നത്.
തമിഴ്‌നാട് പൊലീസ് മനീഷിനെ തമിഴ്‌നാട്ടിലേയ്‌ക്ക് വിമാന മാർഗം കൊണ്ടുപോയതായി സാമ്പത്തിക കുറ്റകൃത്യ യൂണിറ്റ് (ഇഒയു) സ്ഥിരീകരിച്ചു. നാളെ മനീഷിനെ തമിഴ്‌നാട് കോടതിയിൽ ഹാജരാക്കും. തുടർന്ന് ഇയാളെ കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാനാണ് തമിഴ്‌നാട് പൊലീസിന്‍റെ തീരുമാനം.
വീഡിയോയുടെ ഉള്ളടക്കം : തമിഴ്‌നാട്ടിൽ പ്രദേശവാസികൾ ബിഹാറി അതിഥി തൊഴിലാളികളെ മർദിച്ച് കൊലപ്പെടുത്തിയെന്ന രീതിയിൽ വ്യാജവാർത്ത പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ നാല് പേർക്കെതിരെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കേസെടുത്തിരുന്നു. കേസിൽ മുഖ്യ പ്രതിയായ മനീഷ് കശ്യപിനെ മാർച്ച് 18 നാണ് ബിഹാർ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഒളിവിലായിരുന്ന ബിഹാർ സ്വദേശി കൂടിയായ ഇയാൾ പൊലീസിൽ സ്വമേധയാ കീഴടങ്ങുകയായിരുന്നു.
മനീഷ് നിരവധി കേസുകളിൽ പ്രതി : വീഡിയോയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പൊലീസ് ഫയൽ ചെയ്‌ത 13 എഫ്‌ഐആറുകളിൽ ആറിലും മനീഷിന്‍റെ പേരുണ്ട്. കൃഷ്‌ണഗിരി, ബർഗാസ്, ത്രിപുര എന്നിവിടങ്ങളിലാണ് മനീഷ് കശ്യപിനെതിരെ കേസെടുത്തിരിക്കുന്നത്. മനീഷിന്‍റെ 'സച്ച് തക്' എന്ന യൂട്യൂബ് ചാനലിനെതിരേയും കേസ് ചാർജ് ചെയ്‌തിട്ടുണ്ട്.
also read: യൂട്യൂബർ മനീഷ് കശ്യപിന്‍റെ അറസ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം; പിന്തുണച്ച് ബിജെപി നേതാവ്
വ്യാജ വീഡിയോ പരിഭ്രാന്തി സൃഷ്‌ടിച്ചു: അതിഥി തൊഴിലാളികളുടെ 30 വ്യാജ വീഡിയോകളാണ് മനീഷ് ഉൾപ്പടെയുള്ളവർ പ്രചരിപ്പിച്ചത്. വീഡിയോ ദൃശ്യങ്ങൾ ബിഹാർ തൊഴിലാളികൾക്കിടയിൽ പരിഭ്രാന്തി സൃഷ്‌ടിക്കുകയും അവരെ ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് നിന്ന് പാലായനം ചെയ്യാൻ നിർബന്ധിതരാക്കുകയും ചെയ്‌തിരുന്നു. ഇരു സംസ്ഥാനങ്ങളും രജിസ്‌റ്റർ ചെയ്‌ത കേസിൽ ബിഹാർ സർക്കാർ ഉന്നത ഉദ്യോഗസ്ഥരുടെ നാലംഗ സംഘത്തെ തമിഴ്‌നാട്ടിലേക്ക് മുൻപ് അയച്ചിരുന്നു.
also read: വ്യാജ വീഡിയോ പ്രചരണം; യൂട്യൂബര്‍ മനീഷ് കശ്യപ് പിടിയില്‍
അറസ്‌റ്റിൽ പ്രതിഷേധവുമായി നിരവധിപേർ : ബിഹാർ പൊലീസ് മനീഷ് കശ്യപിനെ അറസ്‌റ്റ് ചെയ്‌തത് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. നിരവധി സമൂഹ മാധ്യമ ഉപയോക്താക്കളാണ് മനീഷിനെ അനുകൂലിച്ച് രംഗത്തുവന്നത്. സംഭവത്തിൽ ബിജെപി നേതാവ് കപിൽ മിശ്ര മനീഷിനെ പിന്തുണയ്ക്കുകയും ബിഹാർ സർക്കാരിനെ വിമർശിക്കുകയും ചെയ്‌തിരുന്നു.
ട്വിറ്ററിലൂടെ മനീഷിന് പിന്തുണ : മനീഷ് കശ്യപിനെതിരെ ബിഹാർ സർക്കാർ ദ്രോഹനടപടികള്‍ സ്വീകരിച്ചെന്നാണ് അനുകൂലികളുടെ വാദം. മനീഷിന്‍റെ ട്വിറ്റർ അക്കൗണ്ട് ടാഗ് ചെയ്‌ത് വിവിധ കോണുകളിൽ നിന്നാണ് ആളുകൾ പിന്തുണ അറിയിച്ചത്. 2020ലെ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി ചൻപതിയയിൽ നിന്ന് മനീഷ് കശ്യപ് മത്സരിച്ചിട്ടുണ്ട്.