മുംബൈ (മഹാരാഷ്ട്ര): ഒഡിഷ ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവര്‍ക്കായി കാരി മിനാറ്റിയുടെ ചാരിറ്റി ലൈവ് സ്‌ട്രീം. വെള്ളിയാഴ്‌ച രാത്രിയുണ്ടായ അപകടത്തിൽ 288 ജീവനുകളാണ് പൊലിഞ്ഞത്. 900ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.
കാരി മിനാറ്റി എന്ന പേരില്‍ അറിയപ്പെടുന്ന പ്രശസ്‌ത യൂട്യൂബറും ഗെയിമിംഗ് ഇന്‍ഫ്ലുവെന്‍സറുമാണ് അജയ് നാഗര്‍. അപകടത്തിൽ പെട്ടവര്‍ക്കായി ശനിയാഴ്‌ച തന്‍റെ ചാനലായ കാരി ഈസ് ലൈവില്‍ നാല് മണിക്കൂറാണ് കാരി മിനാറ്റി ചാരിറ്റി സ്ട്രീം നടത്തുക.
തന്‍റെ ചാരിറ്റി സ്ട്രീമിൽ നിന്നും ലഭിക്കുന്ന എല്ലാ വരുമാനവും ഒഡീഷ സർക്കാരിന്‍റെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് കാരി മിനാറ്റി അറിയിച്ചു. 'അസ്വസ്ഥമാക്കുന്ന ഈ ദൃശ്യങ്ങൾ കാണുന്നത് ഹൃദയഭേദകമാണ്. ഈ ഞെട്ടിക്കുന്ന സംഭവത്തിൽ അകപ്പെട്ട ഓരോരുത്തർക്കും ഒപ്പം എന്‍റെ പ്രാര്‍ഥനകളും ചിന്തകളുമുണ്ട്. പരിക്കേറ്റവർ എത്രയും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഒപ്പം ദു:ഖിതരായ കുടുംബങ്ങൾക്ക് എന്‍റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു.' -കാരി മിനാറ്റി പറഞ്ഞു.
'ഇതുപോലുള്ള സമയങ്ങളിൽ, നമ്മൾ എല്ലാവരും ഒന്നിച്ച് നില്‍ക്കുകയും ഒന്നിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുക. ഈ പ്രയാസകരമായ സമയങ്ങളിൽ എല്ലാവരും ഒന്നിച്ച് നിന്ന് കാര്യമായ സംഭാവനകള്‍ ഉയര്‍ത്തണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. നിങ്ങൾക്ക് കഴിയുന്ന വിധത്തിൽ ഒരു കൈ സഹായിക്കുക.' -കാരി മിനാറ്റി കൂട്ടിച്ചേര്‍ത്തു.
നേരത്തെ 2020ല്‍ വെള്ളപ്പൊക്കത്തിൽ തകർന്ന അസം, ബിഹാർ സംസ്ഥാനങ്ങൾക്ക് വേണ്ടിയും കാരി മിനാറ്റി സമാന സ്വഭാവമുള്ള ഒരു ചാരിറ്റി സ്ട്രീമിന് ആതിഥേയത്വം വഹിച്ചിരുന്നു. അത് ഗെയിം വിഭാഗത്തിൽ ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തുകയും ഇതിലൂടെ അന്ന് 12 ലക്ഷം രൂപ സമാഹരിക്കുകയും ചെയ്‌തിരുന്നു. മിനാറ്റി നല്‍കിയ ഒരു ലക്ഷം രൂപയുടെ വ്യക്തിഗത സംഭാവനയും ഇതില്‍ ഉള്‍പ്പെടുന്നു.
2018ല്‍ കേരളത്തില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോഴും കാരി മിനാറ്റി സഹായിച്ചിട്ടുണ്ട്. കൂടാതെ പുൽവാമ ആക്രമണത്തില്‍ മരണപ്പെട്ടവര്‍ക്ക്, 2019 ലെ ഒഡീഷ ചുഴലിക്കാറ്റ് ഫാനി, ഓസ്‌ട്രേലിയ ബുഷ് ഫയർ, 2020ൽ കൊവിഡ്, 2022ൽ അസം വെള്ളപ്പൊക്കം തുടങ്ങി ഇതുപോലുള്ള നിരവധി ദുരന്ത സാഹചര്യത്തില്‍ കാരി മിനാറ്റി സഹായവുമായി മുന്നിലെത്തിയിട്ടുണ്ട്.
അതേസമയം രാജ്യത്തെ നടുക്കിയ ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി നിരവധി ചലച്ചിത്ര താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ചിരഞ്ജീവി, ജൂനിയര്‍ എന്‍ടിആര്‍, കിരണ്‍ ഖേര്‍ എന്നിവരും അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഇന്നലെ (02.06.23) രാത്രിയാണ് ബാലസോര്‍ ട്രെയിന്‍ അപകടം ഉണ്ടായത്.
ദാരുണമായ ട്രെയിൻ അപകടത്തിൽ അകപ്പെട്ടവര്‍ക്കും അവരുടെ പ്രിയപ്പെട്ടവർക്കും ഹൃദയംഗമമായ അനുശോചനം എന്നാണ് ജൂനിയര്‍ എന്‍ടിആറിന്‍റെ പ്രതികരണം. 'എന്‍റെ മനസ് ഈ വിനാശകരമായ സംഭവത്തിൽ അകപ്പെട്ട ഓരോരുത്തർക്കും ഒപ്പം ഉണ്ട്. ഈ പ്രയാസകരമായ സമയത്ത് ശക്തിയും പിന്തുണയും അവരെ വലയം ചെയ്യട്ടെ'.- ഇപ്രകാരമാണ് ജൂനിയര്‍ എന്‍ടിആറിന്‍റെ പ്രതികരണം.
ഒഡിഷയിലെ ട്രെയിൻ അപകടത്തിലും വലിയ ജീവഹാനിയിലും ഞെട്ടിപ്പോയെന്ന് ചിരഞ്ജീവി. 'എന്‍റെ ഹൃദയം ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ്. ജീവൻ രക്ഷിക്കാൻ രക്ത യൂണിറ്റുകളുടെ അടിയന്തര ആവശ്യം ഉണ്ടെന്ന് ഞാൻ മനസിലാക്കുന്നു. ഞങ്ങളുടെ എല്ലാ ആരാധകരും ജീവൻ രക്ഷിക്കുന്നതിനാവശ്യമായ രക്ത യൂണിറ്റുകൾ എത്തിക്കണമെന്നും സാധ്യമായ എല്ലാ സഹായവും നൽകണം എന്നും ഞാന്‍ അഭ്യര്‍ഥിക്കുന്നു'. -ഇപ്രകാരമാണ് ചിരഞ്ജീവി പ്രതികരിച്ചത്.
Also Read: ബാലസോര്‍ അപകടം: അനുശോചിച്ച് ചിരഞ്ജീവിയും ജൂനിയര്‍ എന്‍ടിആറും അടക്കമുള്ള സിനിമ ലോകം