ലഖ്‌നൗ: യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്യുന്നതിനായി വീഡിയോ ചിത്രീകരിക്കുന്നതിനിടെ സൂപ്പര്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ഉത്തര്‍ പ്രദേശ് സ്വദേശിയായ അഗസ്‌ത്യ ചൗഹാനാണ് മരിച്ചത്. ബുധനാഴ്‌ച യമുന എക്‌സ്‌പ്രസ് വേയിലാണ് സംഭവം.
യൂട്യൂബില്‍ പോസ്‌റ്റ് ചെയ്യുന്നതിനായി ആദ്യമായി തന്‍റെ ZX10R നിഞ്ച സൂപ്പര്‍ ബൈക്കില്‍ ആഗ്രയില്‍ നിന്ന് ഡല്‍ഹിയിലേക്ക് റൈഡ് നടത്തവേയാണ് അപകടമുണ്ടായത്. മണിക്കൂറില്‍ 300 കിലോമീറ്റര്‍ പിന്നിടാനാകുമെന്ന് സബ്‌സ്‌ക്രൈബേഴ്‌സിനോട് പറഞ്ഞാണ് അഗസ്‌ത്യ ചൗഹാന്‍ ബൈക്കുമായി യാത്ര ആരംഭിച്ചത്. യമുന എക്‌സ്‌പ്രസ് വേയിലെത്തിയതോടെ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ അഗസ്‌ത്യ ചൗഹാന്‍ ധരിച്ചിരുന്ന ഹെല്‍മറ്റ് തകര്‍ന്നു. ഇതോടെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ അഗസ്‌ത്യ സംഭവ സ്ഥലത്ത് വച്ച് മരിച്ചു. 'PRO RIDER 1000' എന്ന അഗസ്‌ത്യ ചൗഹാന്‍റെ യൂട്യൂബ് ചാനലിന് 1.2 ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുണ്ട്.
ബൈക്കില്‍ സഞ്ചരിക്കവേ തന്നെ അഗസ്‌ത്യ സബ്‌സ്‌ക്രൈബേഴ്‌സിനായി യൂട്യൂബില്‍ വീഡിയോ അപ്‌ലോഡ് ചെയ്‌തിരുന്നു. ബൈക്ക് റേസിങ് വീഡിയോകള്‍ എപ്പോഴും പ്രേക്ഷകര്‍ക്കായി ചാനലില്‍ പങ്കിടുന്ന ചൗഹാന്‍ വേഗത്തില്‍ വാഹനം ഓടിക്കുന്നത് ഏറെ അപകടകരമാണെന്ന് മുന്നറിയിപ്പും നല്‍കാറുണ്ടായിരുന്നു.