മുംബൈ : മഹാരാഷ്‌ട്രയിൽ ശ്രീകൃഷ്‌ണ ജയന്തിയുടെ (Krishna Janmashtami) ഭാഗമായി നടത്തിയ ഗോപാലകല്യയിൽ (ഉറിയടി ആഘോഷം) (Gopalkalya) പങ്കെടുത്ത 77 യുവാക്കൾക്ക് (Govindas) പരിക്കേറ്റതായി റിപ്പോർട്ട്. വിവിധയിടങ്ങളിലായി നടന്ന ആഘോഷത്തിലാണ് നിരവധി പേർക്ക് പരിക്കേറ്റത്. പ്രാഥമിക ചികിത്സ ലഭിച്ച ശേഷം ഇതിൽ 18 പേർ ആശുപത്രി വിട്ടു.
ദഹി ഹന്ദി (Dahi Handi celebration) ആഘോഷത്തിന്‍റെ ഭാഗമായി മനുഷ്യ പിരമിഡുകൾ (human pyramids) രൂപീകരിക്കുന്ന ആഘോഷത്തിനിടെ താനെ നഗരത്തിൽ 11 പേർക്കാണ് പരിക്കേറ്റത്. പരിപാടിയിൽ ജോഗേശ്വരി സ്വദേശിയായ 34 കാരിയായ സ്‌ത്രീക്കും പരിക്കേറ്റിരുന്നു. ഉയരത്തിൽ കെട്ടിയിട്ടിരിക്കുന്ന തൈര് കുടങ്ങൾ അടിച്ചുവീഴ്‌ത്താൻ മനുഷ്യ പിരമിഡുകൾ ഉണ്ടാക്കുന്നതാണ് ആഘോഷത്തിന്‍റെ രീതി. രാവിലെ തുടങ്ങിയ ആഘോഷങ്ങൾ വൈകുന്നേരം വരെ നീണ്ടുനിന്നിരുന്നു.
ഇത്തരത്തിൽ മനുഷ്യ പിരമിഡുകൾ രൂപീകരിക്കാൻ ഒരാൾക്ക് മുകളിൽ മറ്റൊരാൾ കയറി നിൽക്കുമ്പോൾ ആളുകൾ താഴെ വീഴാനും പരിക്കേൽക്കാനും സാധ്യത കൂടുതലാണ്. നിലവിൽ പരിക്കേറ്റവരെ കെഇഎം ഹോസ്‌പിറ്റൽ, സിയോൺ ഹോസ്‌പിറ്റൽ, രാജവാഡി ഹോസ്‌പിറ്റൽ, എസ്‌ടി ജോർജ് ഹോസ്‌പിറ്റൽ, നായർ ഹോസ്‌പിറ്റൽ, ബോംബെ ഹോസ്‌പിറ്റൽ, കൂപ്പർ ഹോസ്‌പിറ്റൽ എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. പരിക്കേറ്റവരിൽ 52 പേരാണ് സർക്കാർ, മുനിസിപ്പൽ ആശുപത്രികളിലെ ഔട്ട് പേഷ്യന്‍റ് വിഭാഗങ്ങളിൽ ചികിത്സയിലുള്ളത്.
പരമ്പരാഗത ആഘോഷമായതിനാൽ തന്നെ പരിപാടിക്കിടയിൽ പരിക്കേറ്റവർക്കായി ബിഎംസി സിവിൽ നടത്തുന്ന ആശുപത്രികളിൽ 125 കിടക്കകൾ ഇവർക്കായി തയ്യാറാക്കിയതായി അധികൃതർ അറിയിച്ചു. നഗരത്തിലുടനീളമുള്ള നിരവധി ഹൗസിംഗ് സൊസൈറ്റികൾ, റോഡുകൾ, ജംഗ്‌ഷനുകൾ, പൊതു മൈതാനങ്ങൾ എന്നിവിടങ്ങളിൽ ജന്മാഷ്‌ടമിയുടെ ഭാഗമായി ദഹി ഹന്ദി ആഘോഷം നടന്നിരുന്നു.