അംബികാപൂർ : 'എന്‍റെ പ്രിയപ്പെട്ടവളേ... നീ പൊയ്‌ക്കോളൂ. ഇനി ഞാൻ ഒരിക്കലും തിരിച്ചുവരില്ല, സന്തോഷത്തോടെയിരിക്കുക' - ഛത്തീസ്‌ഗഡ് അംബികാപൂരില്‍ താമസിക്കുന്ന 22കാരനായ പങ്കജ് ടോപ്പോ ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുന്‍പ് എഴുതിവച്ച കുറിപ്പാണിത്. മെയ് നാലിന് രാത്രിയാണ് സംഭവം. അംബികാപൂരില്‍ സുഹൃത്തിനൊപ്പം വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു യുവാവ്.
പ്രണയനൈരാശ്യമാവാം ആത്മഹത്യയ്‌ക്ക് കാരണമായതെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍, ഇതേക്കുറിച്ച് പൊലീസിന് വ്യക്തത വന്നിട്ടില്ല. ജഷ്‌പൂർ ജില്ലയിലെ ഭഗവത്പൂർ നിവാസിയാണ് പങ്കജ് ടോപ്പോ. അസ്വാഭാവിക മരണത്തിന് മുന്‍പ് ഇയാള്‍ അംബികാപൂരിൽ തൊഴില്‍ ചെയ്‌തുവരികയായിരുന്നു. സംഭവത്തിന് ഏതാനും ദിവസം മുന്‍പ് ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് നാട്ടില്‍ ഒരു വിവാഹത്തിന് പോയിരുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കിയാണ് യുവാവ് ജീവനൊടുക്കിയത്.
സുഹൃത്തിന്‍റെ മൊഴി രേഖപ്പെടുത്തി പൊലീസ് : ഇന്ന് (മെയ് അഞ്ച്) രാവിലെ സുഹൃത്ത് തിരിച്ചെത്തിയതോടെ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തി. ടോപ്പോയെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കോളുകൾക്ക് മറുപടി നൽകിയില്ല. വീടിനകത്തുനിന്നും പ്രതികരണമില്ലാതെ വന്നതോടെ സുഹൃത്ത് മേൽക്കൂരയിലൂടെ വീടിനുള്ളിലേക്ക് എത്തിനോക്കി. ഈ സമയം യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ALSO READ | മലയാളി ദമ്പതികളെ കുവൈത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത് പത്തനംതിട്ട സ്വദേശികള്‍
കാഴ്‌ച കണ്ട് ഞെട്ടി കൂട്ടുകാരന്‍ ഉടൻ തന്നെ സമീപത്തെ ആളുകളെ വിവരമറിയിച്ചു. ഇതോടെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അംബികാപൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് പങ്കജ് ടോപ്പോയുടെ സുഹൃത്തിന്‍റെ മൊഴി രേഖപ്പെടുത്തി. യുവാവ് അവസാനമായി എഴുതിവച്ച വരികള്‍ കണക്കിലെടുത്ത് ആത്മഹത്യയുടെ കാരണം പ്രണയനൈരാശ്യം ആണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.
'പ്രണയ നൈരാശ്യമാണെന്ന് ഉറപ്പിച്ചുപറയാനാവില്ല': 'പ്രണയബന്ധം വേർപെട്ടതിനെ തുടര്‍ന്നുള്ള മാനസിക വിഭ്രാന്തിയാവാം ആത്മഹത്യയ്ക്ക് കാരണം. പക്ഷേ, ഇത് തന്നെയാണെന്നതില്‍ ഞങ്ങൾക്ക് ഇപ്പോള്‍ ഉറപ്പിച്ച് പറയാന്‍ കഴിയില്ല. സംഭവത്തേക്കുറിച്ച് ഞങ്ങൾ യുവാവിന്‍റെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. അവർ വന്നതിന് ശേഷം മാത്രമേ ഞങ്ങൾക്ക് അദ്ദേഹത്തിന്‍റെ വ്യക്തിജീവിതത്തെക്കുറിച്ച് കൂടുതല്‍ അറിയാൻ കഴിയുകയുള്ളൂ' - ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ | മിസ്റ്റര്‍ കേരള ട്രാൻസ്‌മാന്‍ പ്രവീണ്‍ നാഥ് ജീവനൊടുക്കി
ടോപ്പോയുടെ ആത്മഹത്യ ഇയാളുമായി അടുത്ത ബന്ധമുള്ളവരില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. 'അവന് ഇത് ചെയ്യാൻ കഴിയുമെന്ന് എനിക്കൊരിക്കലും വിശ്വസിക്കാനാവില്ല. അവൻ ശാന്ത സ്വഭാവക്കാരനായിരുന്നു. അവനെ ജീവനൊടുക്കിയ നിലയില്‍ കണ്ടപ്പോള്‍ ഞാൻ ശരിക്കും ഞെട്ടിപ്പോയി'- ടോപ്പോയുടെ സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ശ്രദ്ധിക്കൂ... ആത്മഹത്യ ഒന്നിനുമൊരു പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായം തേടുക, അതിജീവിക്കുക. ഹെല്‍പ്‌ലൈന്‍ നമ്പര്‍ : 9152987821